കെഎസ്ഇബിക്ക് ചില്ലറ പണികൊടുത്ത് വാർഡ്‌ മെമ്പർ… എണ്ണി കുഴഞ്ഞ് ജീവനക്കാർ

Advertisement

പത്തനാപുരം: തലവൂർ മേഖലയിൽ വൈദ്യുതി ബിൽ അടയ്‌ക്കേണ്ടുന്ന അവസാന ദിവസത്തിൽ തൻറെ വാർഡിലെ ഒൻപത് പേരുടെ വൈദ്യുത ബില്ലുമായാണ് തലവൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാലുംമൂട് വാർഡ് അംഗമായ രഞ്ജിത്ത് കെഎസ്ഇബി പട്ടാഴി സെക്ഷൻ ഓഫീസിൽ എത്തിയത്. ബില്ലു നൽകിയ ശേഷം പണത്തിനായി കൈനീട്ടിയ കെഎസ്ഇബി  ജീവനക്കാർക്ക് ഒരു സഞ്ചി നിറയെ നാണയമാണ് രഞ്ജിത്ത്  നൽകിയത്. നാണയം കണ്ട് പരിഭ്രമിച്ച ജീവനക്കാർക്ക് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായി. 3250 മുതൽ 1500, 950, എന്നിങ്ങനായിരുന്നു ബില്ലിലെ തുക. പണമാകട്ടെ ഒന്നും, രണ്ടും, അഞ്ചും,പത്തും അടങ്ങിയ നാണയത്തുട്ടുകൾ. ഏകദേശം എണ്ണായിരത്തോളം രൂപ. ദിവസവും ഇരുപത് തവണയാണ് തലവൂർ മേഖലയിൽ വൈദ്യുതി പോകുന്നത്. കെഎസ്ഇബി ഓഫീസിൽ പരാതി പറഞ്ഞ്  മടുത്തതോടെയാണ് വ്യത്യസ്ത സമരവുമായി വാർഡ് മെമ്പർ മുന്നിട്ടിറങ്ങിയത്. വൈദ്യുത ചാർജ്ജ് വർദ്ധനവിനെതിരെയുളള പ്രതിഷേധം കൂടിയായിരുന്നു ഇത്. ഒടുവിൽ അസി. എഞ്ചിനീയറും മുഴുവൻ ജീവനക്കാരും കൂട്ടത്തോടെ ഇരുന്നാണ് നാണയത്തുട്ടുകൾ എണ്ണി തിട്ടപെടുത്തി രഞ്ജിത്തിനെ തിരിച്ചയച്ചത്.

കെഎസ്ഇബി ജീവനക്കാർക്ക് നൈസായി പണികൊടുത്ത രഞ്ജിത്ത് സമൂഹമാധ്യമങ്ങളിലും വൈറലാണ്.

Advertisement