കോഴിക്കോട്.സംസ്ഥാനത്ത് ലോൺ ആപ്പിന്റെ ഭീഷണിയെ തുടർന്ന് വീണ്ടും ആത്മഹത്യ ശ്രമം. വിഷം കഴിച്ച കുറ്റ്യാടി സ്വദേശിനി ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ. പണം അടച്ചില്ലെങ്കിൽ മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന ഭീഷണിയെ തുടർന്നായിരുന്നു ആത്മഹത്യാ ശ്രമം.
കുറ്റ്യാടി സ്വദേശിനിയായ ഇരുപത്തി അഞ്ചുകാരി രണ്ടായിരം രൂപയാണ് ഓൺ ലൈൻ ലോൺ ആപ്പിൽ നിന്നും ലോൺ എടുത്തത്. തവണകളായി ഒരു ലക്ഷം രൂപയോളം തിരിച്ചടച്ചു. എന്നാൽ വീണ്ടും പണം അടക്കണമെന്ന ഭീഷണി തുടർന്നു. ഒപ്പം യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സുഹ്യത്തുകൾക്കും ബന്ധുക്കൾക്കും അയച്ചു കൊടുക്കുമെന്നും വാട്ട്സ്അപ്പിലൂടെ ഭീഷണി സന്ദേശങ്ങൾ എത്തി. ഈ മനോ വിഷമത്തിലാണ് യുവതി ഇന്നലെ ആത്മഹത്യക്ക് ശ്രമിച്ചത്
കുടുംബം കുറ്റ്യാടി പൊലീസിൽ പരാതി നൽകി. ഭീഷണി സന്ദേശങ്ങൾ എത്തിയ മൊബൈൽ ഫോൺ നമ്പർ കേന്ദ്രികരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ ഈ നമ്പർ ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് ഇരുപത്തി അഞ്ചുകാരിയായ യുവതി.