മുഖ്യമന്ത്രിക്ക് പ്രത്യേകമുറി, ബയോ ടോയ്ലെറ്റും ഫ്രിഡ്ജുമുൾപ്പെടെ സൗകര്യങ്ങൾ; ആഢംബര ബസ് രഹസ്യകേന്ദ്രത്തിലോ?

Advertisement

തിരുവനന്തപുരം: നവകേരള സദസ്സിനുള്ള യാത്രക്കായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള ആഢംബര ബസ്സിനെ ചൊല്ലി വൻവിവാദം. ഒരു കോടി അഞ്ച് ലക്ഷം ചെലവിട്ട് ഇറക്കുന്ന ബസ്സ് ധൂർത്തിന്റെ ഒടുവിലത്തെ ഉദാഹരണമെന്നാണ് പ്രതിപക്ഷ ആക്ഷേപം. മന്ത്രിമാർ സ്വന്തം വാഹനങ്ങൾ വിട്ട് പ്രത്യേക ബസിൽ പോകുന്നത് വഴി ചെലവ് കുറയുമെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ന്യായീകരണം.

സർക്കാറിന്റെ ധൂർത്ത് സീരീസിലെ ഏറ്റവും ഒടുവിലത്തെ ചർച്ചയിപ്പോൾ നവകേരള സദസ്സിനുള്ള ആഢംബര ബസ്. എന്നാൽ ഒരു വിവരവും പുറത്തുവിടരുതെന്നാണ് കെഎസ്ആർടിസിക്കുള്ള കർശന നിർദ്ദേശം. കേൾക്കുന്നതാകട്ടെ പല പല കാര്യങ്ങളുമാണ്. മുഖ്യമന്ത്രിക്ക് പ്രത്യേക മുറിയും ഓരോ മന്ത്രിമാർക്കും പ്രത്യേകം സീറ്റുകൾ. ബയോ ടോയ്ലെറ്റ്, ഫ്രിഡ്ജ്, ഡ്രൈവർക്ക് അടുത്ത് മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ സ്പോട് ലൈറ്റുള്ള സ്പെഷ്യൽ ഏരിയ തുടങ്ങിയവയാണ് ബസ്സിലുള്ളതെന്നാണ് വിവരം. ബസ്സിനെ കുറിച്ച് കഥകൾ ഒരുപാടുണ്ടെങ്കിലും ആരും ഒന്നും ഉറപ്പിച്ചു പറയുന്നില്ല. ആഢംബര ബസ് വാങ്ങാൻ കഴിഞ്ഞ ദിവസം അനുവദിച്ച ഒരു കോടി അഞ്ച് ലക്ഷം രൂപയുടെ വിവരം മാത്രമാണ് ഉറപ്പുള്ളത്. 1കോടി അഞ്ച് ലക്ഷം ഷാസിക്ക് പുറത്തുള്ള തുകയാണെന്നും കേൾക്കുന്നു. ഷാസിക്ക് മാത്രം 35 ലക്ഷം വേറെ ഉണ്ടെന്നും സൂചനയുണ്ട്. ബെം​ഗളൂരുവിൽ തയ്യറാക്കിയ ബസ് അവിടെ തന്നെയാണിപ്പോഴെന്നും അല്ല കേരളത്തിലെ രഹസ്യകേന്ദ്രത്തിലെത്തിച്ചെന്നും കേൾക്കുന്നുണ്ട്.

ഗതാഗതമന്ത്രി ഇങ്ങിനെ പറയുമ്പോഴും സദസ്സ് തുടങ്ങിയാൽ പിന്നെ മുഖ്യമന്ത്രിമാരും മന്ത്രിമാരുടെയും മുഴുവൻ യാത്രയും ബസ്സിലാണെന്നും ഉറപ്പില്ല. ഔദ്യോഗിക വാഹനങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒപ്പമുണ്ടാകുമെന്ന് ഉറപ്പാണ്. അതേസമയം, യാത്രക്ക് ശേഷം കാരാവാൻ ബസ് കെഎസ്ആർടിസിക്ക് കൈമാറാനാണ് നീക്കം. ഡബിൾ ഡക്കർ ബസ് വാടകക്ക് നൽകി കാശുണ്ടാക്കും പോലെ നവകേരള സദസ്സ് ബസും വരുമാനമാർഗ്ഗമാകുമെന്നാണ് വിശദീകരണം. അപ്പോഴും പഞ്ഞ കാലത്ത് ജനങ്ങളിലേക്കിറങ്ങാൻ വൻതുക മുടക്കി ആഢംബര ബസ് വേണോ എന്ന ചോദ്യമാണ് ശക്തമാകുന്നത്.

Advertisement

1 COMMENT

  1. ഒരു ജനത അവർ അർഹിക്കുന്ന നേതൃത്വം ആണ് അവർക്ക് കിട്ടുക!!!

    Nothing more to say!!!

Comments are closed.