കൊച്ചി. സെൻട്രൽ വഖഫ് കൗൺസിലിലേക്ക് അംഗത്വം വാഗ്ദാനം ചെയ്ത് തട്ടിപ്പ്. ആര്‍ എസ് എസ് അനുകൂല സംഘടനയായ മുസ്ലിം രാഷ്ട്രിയ മഞ്ചിന്റെ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി അടക്കമുള്ളവർക്കെതിരെ കോതമംഗലം പോലീസ് കേസെടുത്തു. മലപ്പുറം തിരൂർ സ്വദേശിയിൽ നിന്ന് 16 ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തെന്നാണ് പരാതി.
സെൻട്രൽ വഖഫ് കൗൺസിലിലേക്ക് ഭാര്യയ്ക്ക് അംഗത്വം ലഭിക്കാൻ രാഷ്ട്രീയ സ്വാധീനം ചെലുത്താമെന്നു പറഞ്ഞാണ് മലപ്പുറം സ്വദേശിയായ മുഹമ്മദ് സാദിഖ് പരാതിക്കാരൻ ആയ തിരൂർ സ്വദേശി മുസ്തഫയെ സമീപിക്കുന്നത്. തുടർന്ന് ആർഎസ്എസ് അനുകൂല സംഘടനയായ മുസ്ലിം രാഷ്ട്രിയ മഞ്ചിന്റെ സംസ്ഥാന പ്രസിഡണ്ട് ഉമർ ഫാറൂഖ്, സെക്രട്ടറി സമദ് മുടവന എന്നിവരെ പരിചയപ്പെടുത്തുന്നു.
അംഗത്വം ലഭിക്കാൻ 25 ലക്ഷം രൂപ നൽകണമെന്നാണ് നേതാക്കൾ ആവശ്യപ്പെട്ടത്. 2020 ജൂണിൽ ഉമർ ഫാറൂഖിന്റെ കോതമംഗലത്തെ വീട്ടിൽ വച്ച് 10 ലക്ഷം രൂപയും സെപ്റ്റംബറിൽ മൂവാറ്റുപുഴയിലെ ഓഫീസിൽ വച്ച് 5 ലക്ഷവും പരാതിക്കാരൻ നൽകി. പിന്നീട് ബാങ്ക് അക്കൗണ്ട് വഴി ഒരു ലക്ഷം രൂപയും കൈമാറി. എന്നാൽ അംഗത്വം ഉറപ്പിക്കാനുള്ള നടപടിക്രമങ്ങൾ തുടരുകയാണെന്നാണ് രണ്ട് വർഷത്തോളം മറുപടി ലഭിച്ചത്. ഇതിന് പിന്നാലെ അംഗത്വം നേടിയെടുക്കാൻ കഴിയില്ല എന്ന് നേതാക്കൾ അറിയിച്ചു. പണം തിരികെ നൽകാൻ കഴിയില്ലെന്ന് കൂടി പറഞ്ഞതോടെയാണ് പരാതിക്കാരൻ പോലീസിനെ സമീപിച്ചത്. സംഘടനയുടെ പ്രസിഡന്റ്, സെക്രട്ടറി അടക്കം അഞ്ചുപേർക്കെതിരെ വഞ്ചന കുറ്റത്തിനാണ് കോതമംഗലം പോലീസ് കേസെടുത്തത്.