തൃശൂർ: ഏഴ് മാസം മുൻപു തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരി ആദിത്യശ്രീ മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. ഫോൺ പൊട്ടിത്തെറിച്ചതു മൂലമല്ല, സ്ഫോടകവസ്തു കടിച്ചതാകാം കുട്ടിയുടെ മരണകാരണമെന്നാണു ഫൊറൻസിക് റിപ്പോർട്ട്. പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ എന്നിവയുടെ സാന്നിധ്യം മൃതദേഹത്തിലും കിടക്കയിലും തലയണയിലും കണ്ടെത്തി. പറമ്പിൽനിന്നു ലഭിച്ച പന്നിപ്പടക്കം കുട്ടി കടിച്ചതാകാമെന്നു സംശയിക്കുന്നു.
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെയും സൗമ്യയുടെയും മകൾ ആദിത്യശ്രീയാണു മരിച്ചത്. ഏപ്രിൽ 24ന് രാത്രി പത്തരയോടെയാണ് സംഭവം. വിഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ച് കുട്ടി തൽക്ഷണം മരിച്ചെന്നായിരുന്നു പുറത്തുവന്ന വിവരം. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.
രാത്രിയിൽ സ്ഫോടന ശബ്ദം കേട്ടപ്പോൾ, അശോകന്റെ വീട്ടിൽ ചികിത്സയിൽ കഴിയുന്ന അമ്മ സരസ്വതിക്കായി കരുതിവച്ച ഓക്സിജൻ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണോ എന്നാണു നാട്ടുകാർ ആദ്യം ഭയന്നത്. ഓടിയെത്തിയവർ സരസ്വതിയെ കുഴപ്പമില്ലാതെ കണ്ടപ്പോൾ ആശ്വസിച്ചെങ്കിലും അപകടം പറ്റി കിടക്കുന്ന ആദിത്യശ്രീയെ കണ്ട് വിറങ്ങലിച്ചുപോയി.
രണ്ടുവർഷം മുൻപ് ഫോണിന്റെ ബാറ്ററിക്കു തകരാറുണ്ടായപ്പോൾ മാറ്റിയിരുന്നുവെന്നും പാലക്കാട് കമ്പനി സർവീസ് സെന്ററിലാണു നൽകിയതെന്നും ആദിത്യശ്രീയുടെ പിതാവ് അശോക് കുമാർ പറഞ്ഞിരുന്നു. ആദിത്യശ്രീ സ്ഥിരമായി മൊബൈൽ ഉപയോഗിക്കാറില്ലെന്നും പൊട്ടിത്തെറിക്കു മുൻപ് ഇതേ ഫോണിൽനിന്നു മകൾ അമ്മയെ വിളിച്ചിരുന്നെന്നും അശോകൻ പറഞ്ഞു.
ഫോണിലെ ബാറ്ററി സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നു. ബാറ്ററി അതിയായ മർദത്തോടെ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു പ്രാഥമിക നിഗമനം. മൊബൈലിലേത് ഒറിജിനല്‍ ബാറ്ററിയാണോ എന്നും പരിശോധിച്ചു. തലയ്ക്കേറ്റ പരുക്കും തലച്ചോറിലെ രക്തസ്രാവവുമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഡിസ്പ്ലേ പൊട്ടുകയും ബാറ്ററിയുടെ ഭാഗം വീർക്കുകയും ചെയ്ത തരത്തിലാണു ഫോൺ കണ്ടെത്തിയത്. ഫോൺ പൂർണമായും തകർന്നിരുന്നില്ല.