തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണത്തിന്റെ ചെലവിനായി നാട്ടുകാരിൽനിന്നു പലിശരഹിത വായ്പ സ്വീകരിക്കാമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. കേന്ദ്ര ഫണ്ട് വൈകുന്നുവെന്നു കാണിച്ചാണ് നാട്ടുകാരുടെ സഹായം തേടുന്നത്.സർക്കാർ, എയ്ഡഡ്, സ്പെഷൽ സ്കൂളുകളിൽ 30നകം ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കണം. സമിതി സ്കൂളിൽ നിലവിലുള്ള ഉച്ചഭക്ഷണ കമ്മിറ്റിയുമായി സഹകരിച്ചു പ്രവർത്തിക്കണം.
വാർഡ് അംഗം രക്ഷാധികാരിയും പ്രഥമാധ്യാപകർ കൺവീനറുമായുള്ള സമിതിയിൽ പിടിഎ പ്രസിഡന്റ്, അധ്യാപക പ്രതിനിധി, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ, മദർ പിടിഎ പ്രസിഡന്റ്, മാനേജരുടെയും പൂർവവിദ്യാർഥികളുടെയും പ്രതിനിധി എന്നിവരാണ് അംഗങ്ങൾ.
രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ, പൗരപ്രമുഖർ എന്നിവരിൽ നിന്നു പലിശരഹിത വായ്പ ലഭ്യമാക്കാൻ കഴിയുമോയെന്നു സമിതി കണ്ടെത്തണം. ഇങ്ങനെ സ്വീകരിക്കുന്ന തുകയുടെ ഉത്തരവാദിത്തം പ്രഥമാധ്യാപകർക്കാണ്. സർക്കാരിൽ നിന്ന് ഫണ്ട് ലഭിക്കുന്ന മുറയ്ക്കു വായ്പ തിരികെ നൽകേണ്ടത് ഇവരുടെ ചുമതലയാണ്. കൂടാതെ സമിതിയുടെ നേതൃത്വത്തിൽ പ്രാദേശികമായി വിഭവസമാഹരണം നടത്തി ഉച്ചഭക്ഷണവും പ്രഭാതഭക്ഷണവും സമ്പുഷ്ടമാക്കണം.
എല്ലാ സ്കൂളിലും പ്രഭാതഭക്ഷണം വിതരണം ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. 2021–22ൽ പബ്ലിക് ഫിനാൻസ് മാനേജ്മെന്റ് സിസ്റ്റം (പിഎഫ്എംഎസ്) നടപ്പാക്കിയ ശേഷം ഫണ്ട് മുടങ്ങുന്നുവെന്നാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകുന്ന വിശദീകരണം. എന്നാൽ പിഎഫ്എംഎസ് വഴി കൃത്യമായി കണക്കുകൾ നൽകുന്ന സംസ്ഥാനങ്ങൾക്ക് ഫണ്ട് മുടങ്ങുന്നില്ലെന്നു കേന്ദ്രം പറയുന്നു.