കോഴിക്കോട്: സിപിഎമ്മും കോൺഗ്രസുമടക്കമുള്ളവർ പലസ്തീൻ ഐക്യദാർഢ്യ പരിപാടി നടത്തുന്ന കോഴിക്കോട്ട് ഇസ്രയേൽ അനുകൂല പരിപാടി നടത്താനൊരുങ്ങി ബിജെപി. ക്രൈസ്തവ സഭാ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്താനാണ് ബിജെപിയുടെ തീരുമാനം.
ഹമാസിന്റെ ഭീകര വിരുദ്ധ പ്രവർത്തനത്തിനെതിരായി ബിജെപി നടത്തുന്ന ഭീകരവിരുദ്ധ സമ്മേളനം ഡിസംബർ രണ്ടിന് വൈകിട്ട് മുതലക്കുളത്ത് നടക്കും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും മറ്റു സംസ്ഥാന നേതാക്കളും പങ്കെടുക്കും. ക്രിസ്ത്യൻ സഭാ നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ പറഞ്ഞു.
അതിർത്തി കടന്നുളള തീവ്രവാദം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് സജീവൻ പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കമുള്ള മറ്റുരാജ്യങ്ങളിലെ പൗരന്മാരെയും ഉൾപ്പെടെ ബന്ദികളാക്കുകയും കുട്ടികളെ വധിക്കുകയും ചെയ്യുന്നത് ചിന്തിക്കാൻ പോലും സാധിക്കില്ല. അതുകൊണ്ട് ഇസ്രയേലിന്റേത് ചെറുത്തുനിൽപ്പാണെന്നും സജീവൻ പറഞ്ഞു. ഇന്ത്യയും യുഎസ്സുമടക്കമുള്ള മുൻനിര ജനാധിപത്യ രാജ്യങ്ങൾ ഈ കാരണങ്ങളാലാണ് ഇസ്രയേലിനെ പിന്തുണയ്ക്കുന്നതെന്നും സജീവൻ പറഞ്ഞു.
മലപ്പുറം ജില്ലയിൽ ഹമാസ് നേതാവ് ഓൺലൈനായി ഒരു പരിപാടിൽ പങ്കെടുക്കുകയും യഹൂദൻമാരെയും മറ്റു മതവിശ്വാസികളെയും ഉൻമൂലനം ചെയ്യുമെന്ന് പ്രസംഗിക്കുകയും ചെയ്തുവെന്നു സജീവൻ പറഞ്ഞു. ഇത് ഹമാസിന്റെ പ്രഖ്യാപിത നയമാണ്. എന്നാൽ മലപ്പുറത്തെ പരിപാടിക്കെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ലെന്നും സജീവൻ പറഞ്ഞു. കേരളത്തിലെ ഇടത്, വലത് സംഘടനകൾ ഹമാസിനെ മനുഷ്യാവകാശ പോരാളികളായി വെളളപൂശുകയാണെന്നും സജീവൻ പറഞ്ഞു.