140 മണ്ഡലങ്ങളിലൂടെ സർക്കാർ പര്യടനം; നവകേരള സദസിന് ഇന്ന് തുടക്കമാകും

Advertisement

കാസർകോട്:
മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലുടെ പര്യടനം നടത്തുന്ന നവകേരള സദസിന് ഇന്ന് തുടക്കം. വൈകിട്ട് 3.30ന് മഞ്ചേശ്വരം പൈവെളിഗെ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റവന്യുമന്ത്രി കെ രാജൻ അധ്യക്ഷനാകും. സംസ്ഥാനത്തുടനീളം പര്യടനം നടത്തി ജനങ്ങളുടെ പരാതികളും നിർദേശങ്ങളും കേൾക്കാനൊരുങ്ങുകയാണ് സർക്കാർ.
ഓരോ മണ്ഡലത്തിലെയും വിവിധ മേഖലയിലുള്ള പ്രമുഖരുമായുള്ള കൂടിക്കാഴ്ചയും മന്ത്രിമാർക്കുണ്ടാകും. രാവിലെ 9 മണി മുതൽ 10 മണിവരെയാണ് കൂടിക്കാഴ്ച. ഇതിന് ശേഷം മണ്ഡലത്തിലേക്ക് എത്തും. എല്ലാ മണ്ഡലങ്ങളിലും മുഖ്യമന്ത്രി സംസാരിക്കും. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെ കുറിച്ച് ഒരു മന്ത്രി വിശദീകരിക്കും. അടുത്ത രണ്ടര വർഷക്കാലത്തെ സർക്കാർ ലക്ഷ്യങ്ങളും അവതരിപ്പിക്കും

ഓരോ മണ്ഡല വേദികളിലും പരാതികൾ സ്വീകരിക്കാൻ പ്രത്യേക കൗണ്ടറുണ്ടാകും. ആവശ്യമെങ്കിൽ മന്ത്രിമാരും പരാതികൾ കേൾക്കും. വരുന്ന പരാതികളുടെ ഫോളോ അപ് ജില്ലയുടെ ചുമതലയുള്ള മന്ത്രി ഏകോപിപ്പിക്കണം. നാളെ മുതൽ ഡിസംബർ 24 വരെയാണ് നവകേരള സദസ് നടക്കുന്നത്. പ്രതിപക്ഷം നവകേരള സദസിനെ ബഹിഷ്‌കരിക്കുകയാണ്.