ഗുരുതര സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മണ്ഡല പര്യടനം

Advertisement

തിരുവനന്തപുരം . സംസ്ഥാനം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മണ്ഡല പര്യടനം ഇന്ന് തുടങ്ങുന്നത്. പ്രതിപക്ഷത്തിൻ്റെ കുറ്റവിചാരണ സദസ് ഡിസംബർ 2 ന് തുടങ്ങും. കുടിശികയിൽ പ്രതിഷേധം കണക്കിലെടുത്ത് ക്ഷേമ പെൻഷനായി സർക്കാർ 667 കോടി രൂപ അനുവദിച്ചു. വാസ്തവസ്ഥിതി മനസിലാക്കി പെരുമാറാതെ പിആര്‍ഏജന്‍സിയുടെ അഭിപ്രായത്തിലാണ് സര്‍ക്കാര്‍ പരിപാടികള്‍ആവിഷ്കരിക്കുന്നതെന്ന വിമര്‍ശനം പ്രതിപക്ഷത്തുനിന്നുമാത്രമല്ല അനുഭാവികളുടെ ഭാഗത്തുനിന്നും ഉയരുന്നുണ്ട്.

നവകേരള സദസിന് 100 കോടി രൂപയാണ് പ്രതീക്ഷിത ചെലവ്. ക്ഷേമ പെൻഷനുകൾ സംസ്ഥാനത്ത് കുടിശികയാണ്. ജൂലൈയിലെ കുടിശിക തീർക്കാൻ തുക അനുവദിച്ചിട്ടുണ്ട്. ലൈഫ് പദ്ധതിയിലെ ഒന്നും രണ്ടും ഗഡു ലഭിക്കാത്തവർ ഏറെ. ഒറ്റപ്പെട്ടതെങ്കിലും കർഷക ആത്മഹത്യകൾ കേരളത്തിൻ്റെ അവകാശ വാദങ്ങളിൽ കരിനിഴൽ വീഴ്ത്തുന്നു. കെഎസ്ആര്‍ടിസിയിൽ ശമ്പളവും പെൻഷനും പ്രതിസന്ധിയിലായി. സപ്ളൈകോയിൽ അവശ്യസാധനങ്ങളുടെ വില വർധനവ് നിയന്ത്രണാതീതം. ഇങ്ങനെ കഴുത്തറ്റം പ്രതിസന്ധിയിലാണ് കേരളം. നേരത്തെ കേരളീയം പരിപാടിക്ക് പണം ചെലവഴിച്ചത് വ്യാപക എതിർപ്പിന് വഴിയൊരുക്കിയിരുന്നു. ജനകീയ ഹോട്ടലുകൾക്ക് 41 കോടി രൂപ നൽകാനുള്ളതിൽ 33.6 കോടി രൂപ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ഉച്ചഭക്ഷണം നൽകിയതിൽ സ്കൂളുകൾക്ക് നൽകാനുള്ളത് 20 കോടി രൂപയാണ്. കാരുണ്യ പദ്ധതിയിൽ ആശുപത്രികൾക്ക് 300 കോടി രൂപയും നൽകാനുണ്ട്. ഇങ്ങനെ പ്രതിസന്ധിയിൽ നട്ടം തിരിയവെയാണ് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മണ്ഡല പര്യടനം.

സംസ്ഥാന സർക്കാരിൻറെ നവ കേരള സദസ്സിന് ഇന്ന് കാസർഗോഡ് തുടക്കമാകുമ്പോൾ വിമർശനം കടുപ്പിക്കുകയാണ് പ്രതിപക്ഷം. പരിപാടിയിൽ നിന്ന് പ്രതിപക്ഷ എംഎൽഎമാർ വിട്ടുനിൽക്കും. നവകേരള സദസിന്റെ പേരിൽ മുഖ്യമന്ത്രി ഉല്ലാസയാത്ര നടത്തുകയാണ് എന്ന് രമേശ് ചെന്നിത്തലയും ഇത് ഇടത് സർക്കാരിൻറെ അന്ത്യയാത്രയാണെന്ന് കെ സുരേന്ദ്രനും പരിഹസിച്ചു

സംസ്ഥാന സർക്കാർ നവകേരള സദസ്സ് പ്രഖ്യാപിച്ചതിന് പിന്നാലെ തുടങ്ങിയ പ്രതിപക്ഷ വിമർശനത്തിന് മൂർച്ചയേറിയുകയാണ്. സംസ്ഥാനത്ത് സാമ്പത്തിക സ്ഥിതി തകർന്നിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ മേള നടത്തുകയാണെന്നും ഇത് ധൂർത്താണെന്നുമൊക്കെയാണ് പ്രതിപക്ഷ വിമർശനം. മുഖംമിനിക്കാനുള്ള സദസല്ല സർക്കാരിൻറെ മുഖം വികൃതമാക്കാനുള്ള സദസ്സാണ് നടക്കുന്നതെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ തുറന്നടിച്ചു

നവകേരള സദസ്സ് കൊണ്ടൊന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും എൽഡിഎഫിന് കിട്ടാൻ പോകുന്നില്ല എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വിമർശനം.നവ കേരള സദസിൽ പങ്കെടുക്കേണ്ടതില്ല എന്ന യുഡിഎഫ് രാഷ്ട്രീയ തീരുമാനത്തിനൊപ്പം നിൽക്കുമെന്നായിരുന്നു എന്‍എ നെല്ലിക്കുന്ന് എംഎൽഎയുടെ പ്രതികരണം. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നേരിൽ കാണാൻ ആഗ്രഹമുണ്ട്.നവ കേരളത്തിനെതിരെ സമസ്ത മുഖപത്രമായ സുപ്രഭാതം എഡിറ്റോറിയത്തിലൂടെയാണ് വിമർശനമുന്നയിച്ചത്. ഈ സദസ് ആരെ കബളിപ്പിക്കാൻ എന്നാണ് സമസ്ത ഉയർത്തുന്ന ചോദ്യം