തിരുവനന്തപുരം . നവകേരള സദസ്സിനു വേണ്ടി സ്‌കൂള്‍ബസ്സുകള്‍ വിട്ടു നല്‍കാന്‍ നിര്‍ദ്ദേശം. സംഘാടക സമിതികള്‍ ആവശ്യപ്പെട്ടാല്‍ ബസ് നല്‍കാമെന്ന് പ്രഥമാധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറത്തിറക്കി. മലപ്പുറം ജില്ലയില്‍ നവകേരള സദസില്‍ സംഘാടകരാകാന്‍ ആശാവര്‍ക്കേഴ്‌സിന് നിര്‍ദ്ദേശം നല്‍കി ജില്ലാ പ്രോഗ്രാം ഓഫീസറുടെ ഉത്തരവിറക്കി.
നവകേരള സദസിനായി സ്‌കൂള്‍ ബസുകള്‍ വിട്ടു നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം. പൊതുജനങ്ങള്‍ക്ക് പങ്കെടുക്കുന്നതിനാണ് ബസ് വിട്ടു നല്‍കുക. സംഘാടക സമിതികള്‍ ആവശ്യപ്പെടുന്ന പക്ഷം ബസുകള്‍ വിട്ടു നല്‍കാമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇന്ധന ചെലവും ഡ്രൈവര്‍മാരുടെ ബാറ്റയും സംഘാടകസമിതിയില്‍ നിന്ന് വാങ്ങാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ബസുകള്‍ വിട്ടു നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ചിലര്‍ കത്ത് നല്‍കി. മലപ്പുറം ജില്ലയില്‍ നവകേരള സദസില്‍ സംഘാടകരാകാന്‍ ആശാവര്‍ക്കര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ പ്രോഗ്രാം ഓഫീസറുടെ ഉത്തരവിറക്കി. വാര്‍ഡ് തല യോഗങ്ങള്‍ നടത്താനും പരിപാടിയുടെ കണ്‍വീനര്‍മാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ജില്ലാ തലത്തില്‍ ആശാ വര്‍ക്കര്‍മാരുടെ പങ്കാളിത്തം ഉറപ്പിക്കാന്‍ ആശാ കോര്‍ഡിനേറ്ററെ ചുമതലപ്പെടുത്തിയതായും ഉത്തരവിലുണ്ട്. നവകേരള സദസ് വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ നില നില്‍ക്കുന്നതിനിടെയാണ് പുതിയ ഉത്തരവുകളിറങ്ങുന്നത്.