മുഖ്യമന്ത്രി പിണറായി വിജയന്‍ രാജാപ്പാര്‍ട്ട് കെട്ടുന്നു,മൂന്നരക്കോടി ജനങ്ങളെ പരസ്യമായി കബളിപ്പിക്കുന്നു നവകേരള സദസിനെതിരെ പ്രതിപക്ഷം

Advertisement

തിരുവനന്തപുരം. നവകേരള സദസിനെതിരെ വിമര്‍ശനം ശക്തമാക്കി പ്രതിപക്ഷം. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജാപ്പാര്‍ട്ട് കെട്ടുകയാണെന്നും പ്രതിപക്ഷത്തെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് അര്‍ഹതയില്ലെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. നവകേരള സദസ് പരാജയമാണെന്നും നിര്‍ബന്ധിച്ച് കൊണ്ടുവന്നവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

മൂന്നരക്കോടി ജനങ്ങളെ പരസ്യമായി കബളിപ്പിക്കുന്ന പരിപാടിയാണ് നവകേരള സദസ്സ് എന്നായിരുന്നു എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ വിമര്‍ശനം.നവകേരള സദസ് രണ്ടാം ദിവസത്തേക്ക് കടന്നപ്പോള്‍ വിമര്‍ശനം രൂക്ഷമാക്കുകയാണ് പ്രതിപക്ഷം. ജനസമ്പര്‍ക്ക പരിപാടി നടത്തിയ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിയുന്നതിനു നിര്‍ദേശം നല്‍കിയ അന്നത്തെ പാര്‍ട്ടി സെക്രട്ടറിക്ക് നവ കേരള സദസ് ബഹിഷ്‌കരിച്ച യുഡിഎഫിനെ വിമര്‍ശിക്കാന്‍ അര്‍ഹതയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. പിണറായിയുടെ കെട്ടുകാഴ്ചയില്‍ പാവപ്പെട്ടവര്‍ക്ക് സ്ഥാനമില്ലാത്തതുകൊണ്ടാണ് യുഡിഎഫ് ബഹിഷ്‌കരിച്ചത്. മഞ്ചേശ്വരത്തു നടന്ന പൊതുപരിപാടിയില്‍ പാവപ്പെട്ടവര്‍ക്ക് പുറമ്പോക്കിലായിരുന്നു സ്ഥാനമെന്നും ഒരു പരാതി പോലും പരിഹരിക്കുകയോ ഒരു രൂപയുടെ ധനസഹായം നല്കുകയോ ചെയ്തില്ല.
സര്‍ക്കാരിന്റെ നവകേരള യാത്ര പരാജയമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. പരാതി ഓണ്‍ലൈനായി വാങ്ങിയാല്‍ പോരെയെന്നും ഇത്രയധികം പണം ചെലവഴിച്ചു മാമാങ്കം നടത്തുന്നത് എന്തിനെന്നും രമേശ് ചെന്നിത്തല.

മൂന്നരക്കോടി ജനങ്ങളെ പരസ്യമായി കബളിപ്പിക്കുന്ന പരിപാടിയാണ് നവകേരള സദസ് എന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. മുഖ്യമന്ത്രിയോ മന്ത്രിമാരോ ജനങ്ങളുടെ പരാതി കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നില്ല. ഏറ്റവും വലിയ ചതിയും വഞ്ചനയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും എന്‍ കെ പ്രേമചന്ദ്രന്‍.

വരും ദിവസങ്ങളിലും നവകേരള സദസിനെതിരെ ആരോപണം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. സര്‍ക്കാര്‍ പണം ചെലവഴിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നുവെന്നുമാണ് ആരോപണം