ശാസ്താംകോട്ട : പാർലമെന്റ് തെരഞ്ഞെടുപ്പിൽ കൊല്ലം സീറ്റിന് അവകാശവാദം ഉന്നയിച്ച് ആർഎസ്പി (ലെനിനിസ്റ്റ്) സംസ്ഥാന നേതൃത്വം രംഗത്തെത്തി.ആർഎസ്പി ലെനിനിസ്റ്റിന് അവസരം ലഭിച്ചാൽ ജില്ലയിലെ പരമ്പരാഗത ആർഎസ്പി വോട്ടുകളിൽ ഭിന്നിപ്പ് ഉണ്ടാക്കുവാനും ഇടതു സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാക്കുവാനും കഴിയുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
ആവശ്യം ഉന്നയിച്ച് ഇടതുമുന്നണി കൺവീനർക്കും കക്ഷി നേതാക്കന്മാർക്കും കത്ത് നൽകുവാനും തീരുമാനിച്ചിട്ടുണ്ട്.കൊല്ലം സീറ്റിൽ അവകാശവാദം ഉന്നയിച്ച് മുന്നണി നേതൃത്വത്തിന് നേരിൽ കണ്ട് കത്ത് നൽകാൻ സംസ്ഥാന നേതൃത്വത്തെ ചുമതലപ്പെടുത്തി.കൊല്ലം സീറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് എൽഡിഎഫിന്റെ ഭാഗമായിരുന്ന ആർഎസ്പി യുഡിഎഫിൽ എത്തിയത്.പിന്നീട് ആർഎസ്പി (എൽ) എന്ന പാർട്ടി രൂപീകരിച്ചു കൊണ്ട് കോവൂർ കുഞ്ഞുമോൻ എംഎൽഎ മറുകണ്ടം ചാടുകയായിരുന്നു.ആർഎസ്പി യുഡിഎഫിനൊപ്പം ചേർന്നപ്പോൾ വാഗ്ദാനം ചെയ്ത ഡെപ്യൂട്ടി സ്പീക്കർ പദവി അവഗണിച്ചു കൊണ്ടാണ് സംസ്ഥാനത്തെ സീനിയർ എംഎൽഎ കൂടിയായ കുഞ്ഞുമോൻ എൽഡിഎഫിനൊപ്പം അടിയുറച്ചു നിന്നതെന്ന് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
എന്നാൽ അവഗണന മാത്രമാണ് മുന്നണിയിൽ നിന്നും തങ്ങൾക്ക് ലഭിച്ചിട്ടുള്ളത്.മന്ത്രിസഭ രൂപീകരണ വേളയിലും ഇപ്പോൾ നടക്കാൻ പോകുന്ന പുന:സംഘടനയിലും കോവൂർ കുഞ്ഞുമോനെ പരിഗണിക്കാൻ സാധ്യതയില്ലെന്ന വിവരമാണ് മുന്നണി നേതൃത്വത്തിൽനിന്നും പാർട്ടിക്ക് ലഭിച്ചിട്ടുള്ളത്.അർഹതപ്പെട്ട ബോർഡ്,കോർപ്പറേഷൻ സ്ഥാനങ്ങൾ ലഭിക്കാത്തതിലും സംസ്ഥാന സമിതിയിൽ ശക്തമായ വിമർശനം ഉയർന്നു.കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുന്നണിക്കെതിരെ രൂക്ഷമായ വിമർശനമുയർന്നത്.
പരമ്പരാഗതമായി ആർഎസ്പി മത്സരിക്കുന്ന കൊല്ലം പാർലമെന്റ് സീറ്റിൽ എൻ.കെ പ്രേമചന്ദ്രനെ പരാജയപ്പെടുത്താൻ സിപിഎം കിണഞ്ഞ് ശ്രമിച്ചിട്ടും കരുത്തുറ്റ സ്ഥാനാർത്ഥികളെ പരീക്ഷിച്ചിട്ടും നടക്കാത്ത സാഹചര്യത്തിലാണ് സീറ്റിൽ അവകാശവാദമുന്നയിച്ച് ആർഎസ്പി (എൽ) എത്തിയിരിക്കുന്നത്.അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കുന്നത്തൂർ സീറ്റും നഷ്ടപ്പെടാനാണ് സാധ്യതയെന്നും ഈ സാഹചര്യത്തിൽ കൊല്ലം സീറ്റ് ചോദിക്കുന്നത് തമാശയായി മാത്രം കണ്ടാൽ മതിയെന്നും മുതിർന്ന സിപിഎം നേതാവ് പറഞ്ഞു.