കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോമിൽ മാറ്റം; പഴയ കാക്കി യൂണിഫോം തിരിച്ചുവരും, ഉത്തരവിറങ്ങി

Advertisement

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോമിൽ മാറ്റം വരുന്നു. പഴയ കാക്കി യൂണിഫോമിലേക്കാണ് കെഎസ്ആർടിസി തിരിച്ചുവരുന്നത്. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം സംബന്ധിച്ച് ഉത്തരവിറങ്ങി. നിലവിലെ നീല യൂണിഫോം മാറണമെന്ന് തൊഴിലാളി യൂണിയനുകളാണ് ആവശ്യപ്പെട്ടത്.

യൂണിയൻ ഭേദമന്യേ കെഎസ്ആർടിസിയിലെ ജീവനക്കാർ ഏറെ നാളായി ഉയർത്തിയ ആവശ്യത്തിനാണ് അംഗീകാരമാകുന്നത്. എട്ട് വർഷങ്ങൾക്കിപ്പുറം കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയിലേക്ക് പോവുകയാണ്. ഡ്രൈവർക്കും കണ്ടക്ടർക്കും ഇൻസ്പെക്ടർക്കും വീണ്ടും കാക്കി വേഷമാകും. പുരുഷ ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള പാൻസും, ഒരു പോക്കറ്റുളള ഹാഫ് സ്ലീവ് ഷർട്ടും (പോക്കറ്റിൽ കെഎസ്ആർടിസി എംബ്ലം), വനിതാ ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള ചുരിദാറും, സ്ലീവ്ലെസ്സ് ഓവർകോട്ടും ആയിരിക്കും വേഷം. മെക്കാനിക്കൽ ജീവനക്കാർക്ക് നേവി ബ്ലൂ യൂണിഫോം ആയിരിക്കും.

മൂന്ന് പതിറ്റാണ്ട് നിന്ന കെഎസ്ആർടിസിയിലെ കാക്കി യൂണിഫോമിന് 2015ലാണ് മാറ്റം വന്നത്. കെഎസ്ആർടിസിയിൽ പുതുമയും പ്രൊഫഷണൽ മുഖവും കൊണ്ടുവരാൻ ആയിരുന്നു അന്നത്തെ മാറ്റം. നിലവിൽ കണ്ടക്ടർമാരുടെയും ഡ്രൈവർമാരുടെയും യൂണിഫോം നീല ഷർട്ടും കടും നീല പാൻറുമാണ്. മെക്കാനിക്കൽ ജീവനക്കാർക്ക് ചാര നിറവും ഇൻസ്പെക്ടർമാരുടേത് മങ്ങിയ വെള്ള ഷർട്ടും കറുത്ത പാൻറുമാണ് ഇപ്പോഴത്തെ യൂണിഫോം.

Advertisement