തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ വച്ച് ജയിൽ ഉദ്യോഗസ്ഥർ തടവുകാരൻെറ ശരീരത്തിൽ തിളച്ച വെള്ളമൊഴിച്ചുവെന്ന് പരാതി. മുഖ്യമന്ത്രിക്കെതിരായ ഫെയ്സ് ബുക്ക് പോസ്റ്റിട്ടതിന് അറസ്റ്റിലായ തുമ്പ സ്വദേശി ലിയോൺ ജോൺസനാണ് കോടതിയിൽ പരാതി നൽകിയത്.
ഷർട്ട് ധരിക്കാതെ പൊള്ളിയ പാടുകളുമായാണ് തടവുകാരൻ കോടതിയിൽ വന്നത്. ഈ മാസം പത്തിന് ജയിലിലെ വാച്ച് ടവറിനുള്ളിൽ വച്ച് മൂന്ന് ജയിൽ ഉദ്യോഗസ്ഥർ ചേർന്ന് മർദ്ദിച്ച ശേഷം തിളച്ചവെളളം ഒഴിച്ചുവെന്നാണ് പരാതി. ചികിത്സ നൽകിയതില്ലെന്നും ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു. റിമാൻഡ് കാലാവധി നീട്ടാനായി കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ലിയോൺ പരാതി കോടതിയിൽ നൽകിയത്.
സംഭവത്തിൽ ജയിൽ സൂപ്രണ്ടിനോട് റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ മോശംപരാമർശം നടത്തിയ ഫെയ്സ് ബുക്ക് പോസ്റ്റിട്ടതിനാണ് തുമ്പ സ്വദേശി ലിയോണിനെ ആദ്യം അറസ്റ്റ് ചെയ്യുന്നത്. ലഹരി കേസുൾപ്പെടെ മറ്റ് കേസുകളിൽ വാറണ്ടുള്ളതിനാൽ നാലുമാസമായി ജാമ്യം ലഭിക്കാതെ ലിയോൺ ജയിലിലാണ്. ഇതിനിടെയാണ് പരാതിക്കാധാരമായ സംഭവം നടക്കുന്നത്.
എന്നാൽ ആരോപണം തെറ്റാണെന്ന് ജയിൽ സൂപ്രണ്ട് സത്യരാജ് പറഞ്ഞു. ഒരു തടവുകാരനിൽ നിന്ന് മയക്ക് മരുന്ന് പിടികൂടിയിരുന്നു. ലിയോൺ നൽകിയതാണെന്ന് തടവുകാരൻ മൊഴി നൽകിയിപ്പോൾ ചോദ്യം ചെയ്തു. ഇതിനിടെ അലമാരയുടെ മുകളിൽ വച്ചിരുന്ന ചൂട് വെളളം ലിയോണിൻെറ കൈതട്ടി വീണതാണെന്നും തെളിവുകളുണ്ടെന്നും കോടതിയിൽ നൽകുമെന്നും ജയിൽ ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.