വയനാട്. മുന്നണി മാറ്റമെന്ന അഭ്യൂഹങ്ങള്‍ക്ക് ആയുസില്ലെന്ന പ്രഖ്യാപനത്തോടെ മുസ്ലീം ലീഗ് നേതാക്കള്‍. യുഡിഎഫിനെ ശക്തിപ്പെടുത്തലാണ് ലീഗ് ലക്ഷ്യമെന്നും അതില്‍ നിന്ന് ഒരിഞ്ചുപോലും പിറകോട്ട് പോകില്ലെന്നും മുസ്ലീം ലീഗ് അധ്യക്ഷന്‍ സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വേറെയാരെങ്കിലും അതിന് അടുപ്പത്ത് വെള്ളം വച്ചിട്ടുണ്ടെങ്കില്‍ ആ തീ കത്താന്‍ പോകുന്നില്ലെന്നും മുന്നണി മാറ്റ വിഷയത്തില്‍ തങ്ങള്‍ പ്രതികരിച്ചു. ഐക്യ ജനാധിപത്യ മുന്നണിയുടെ നെടുംതൂണായി ലീഗ് തുടരുമെന്ന് പികെ കുഞ്ഞാലിക്കുട്ടിയും ആവര്‍ത്തിച്ചു. മുസ്ലീം ലീഗ് വയനാട് നേതൃക്യാമ്പിലായിരുന്നു ഇരുവരുടെയും പ്രസംഗം
മുസ്ലീം ലീഗിനോടടുക്കുന്ന സിപിഎം നിലപാട്. ലീഗിന്‍റെ മുന്നണിമാറ്റ ചര്‍ച്ചകളെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍… ഇതെല്ലാം തുടരുന്ന പശ്ചാത്തലത്തില്‍ യുഡിഎഫില്‍ ഉറച്ചുതന്നെയെന്ന പ്രഖ്യാപനമാണ് വയനാട് നേതൃക്യാമ്പില്‍ മുസ്ലീം ലീഗ് നേതാക്കള്‍ നടത്തിയത്. മുന്നണിമാറുന്നതിനേക്കാള്‍ യുഡിഎഫില്‍ മുന്നോട്ട് പ്രവര്‍ത്തിക്കാനുള്ള കാര്യങ്ങളാണ് ആലോചിക്കേണ്ടതെന്ന് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യുഡിഎഫിനെ ശക്തിപ്പെടുത്തലാണ് മുസ്ലീം ലീഗിന്‍റെ ഉത്തരവാദിത്തം. മുന്നണിമാറാന്‍ ബാങ്ക് വാതിലിലൂടെ കടക്കേണ്ടതില്ലെന്ന് ലീഗിനറിയാം. ഒരിഞ്ചുപോലും വഴിമാറാന്‍ ലീഗ് തയാറല്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
തുടര്‍ന്ന് സംസാരിച്ച പികെ കുഞ്ഞാലിക്കുട്ടിയും ഇക്കാര്യം ആവര്‍ത്തിച്ചു. മുന്നണിയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന മുസ്ലിം ലീഗ് വിശ്വാസ്യതയുടെ കാര്യത്തിൽ വഞ്ചന കാണിക്കില്ല. പാർട്ടികൾക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം, അത് മുന്നണി ബന്ധത്തെ ബാധിക്കില്ല …. യുഡിഎഫിന്റെ നെടുംതൂണായി മുന്നിൽ തന്നെ ലീഗുണ്ടാകും. മോശം പെർഫോമെൻസുള്ള സംസ്ഥാന സർക്കാരിനെ മാറ്റാൻ ലീഗ് മുന്നിലുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വയനാട് നടന്ന ജില്ലാ കൗണ്‍സില്‍ നേതൃക്യാമ്പിലായിരുന്നു ഇരുനേതാക്കളും സംസാരിച്ചത്., അതേസമയം കേരളാ ബാങ്കിലെ ലീഗ് പ്രാതിനിധ്യവുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതൃത്വത്തിനും പ്രവർത്തകർക്കും വിഷമമുണ്ട് എന്നായിരുന്നു യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ പിടി അജയ് മോഹൻറെ പ്രതികരണം. മുസ്ലിം ലീഗ് നേതാക്കളുടെ ഈ നിലപാടറിയിക്കല്‍ യുഡിഎഫിന് വലിയ ആശ്വാസമാണ് പകരുന്നത്, പ്രത്യേകിച്ച് ഇടക്കുംമുട്ടിനും പോരടിച്ച് നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക്. സിപിഎമ്മിന് പിന്നാലെ പോകാമെന്ന പ്രതീക്ഷയില്‍ തുടര്‍ന്നിരുന്ന ചില ലീഗുനേതാക്കള്‍ക്ക് ഇത് കനത്ത തിരിച്ചടിയായി. ലീഗിന്‍റെ സ്വഭാവമനുസരിച്ച് ഇനിഒരു പുനര്‍ ചിന്തനത്തിന് സാധ്യതയില്ല. ലീഗ് യുഡിഎഫിലെ ശക്തമായ കക്ഷിയാണെന്ന പ്രഖ്യാപനവും കൂടിയാണിന്ന് ലീഗ് യോഗത്തില്‍ നടന്നത്.