യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിലിനെ ദേശീയ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു

Advertisement

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിലിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ദേശീയ നേതൃത്വം. അബിൻ വർക്കി, അരിത ബാബു എന്നിവരെ വൈസ് പ്രസിഡന്റുമാരായും പ്രഖ്യാപിച്ചു. ഇന്ന് നടന്ന അഭിമുഖത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.

തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള വിവാദങ്ങളും നിയമ നടപടികളും യൂത്ത് കോണ്ഗ്രസിൽ പുകയുമ്പോഴും അത് വക വെക്കാതെ മുന്നോട്ട് പോകാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. വിവാദത്തെ രാഷ്ട്രീയമായി നേരിടുമെന്നാണ് എ.ഐ.സി.സിയുടെയും നിലപാട്. അതുകൊണ്ടാണ്, നടപടി ക്രമങ്ങൾ പൂർത്തിയാക്കി പുതിയ സംസ്ഥാന
നേതൃത്വത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സംസ്ഥാന അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിലിനെയും ഉപാധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കി, അരിത ബാബു എന്നിവരെയും ദേശീയ നേതൃത്വം പ്രഖ്യാപിച്ചു.

അതേസമയം, സംഘടന തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അസ്വാരസ്യങ്ങൾ യൂത്ത് കോൺഗ്രസിൽ ഇനിയും കെട്ടടങ്ങിയിട്ടില്ല. ആലുവയിൽ രഹസ്യ യോഗം ചേർന്ന എ ഗ്രൂപ്പ്, എറണാകുളം ജില്ലാ പ്രസിഡൻ്റായി നിയോഗിച്ച സിജോ ജോസഫുമായി സഹകരിക്കില്ലെന്ന നിലപാടിലാണ്. തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച ആപ്ലിക്കേഷനെ ചൊല്ലി പാലക്കാട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിസിസി പ്രസിഡൻ്റിന് പരാതി നൽകി. തന്റെ വ്യാജ ഐഡി കാർഡ് നിർമ്മിച്ച് വോട്ട് രേഖപ്പെടുത്തിയെന്ന് കാണിച്ച് ഇടുക്കിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ തൻവീർ ജബ്ബാർ പൊലീസിൽ പരാതി നൽകി. വോട്ട് ചെയ്ത കൂടുതൽ ഇടതു സംഘടന പ്രവർത്തകരുടെ പേര് യൂത്ത് കോൺഗ്രസും പുറത്ത് വിട്ടു.

Advertisement