കണ്ണൂരിൽ ബസിന് മുന്നിൽ ചാടിയ യൂത്ത് കോൺഗ്രസ്സുകാരുടെ ജീവൻ രക്ഷിക്കാനാണ് ഡിവൈഎഫ്ഐ ശ്രമിച്ചത്; ഇത് മാതൃകാപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Advertisement

കണ്ണൂർ: നവകേരള സദസിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്കു നേരെ പഴയങ്ങാടിയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ച സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാർ സഞ്ചരിച്ച ബസിനു മുന്നിലേക്ക് ചാടിയ കോൺഗ്രസ് പ്രവർത്തകരുടെ ജീവൻ രക്ഷിക്കാനാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരെങ്കിലും ട്രെയിനിന് മുന്നിലേക്ക് ചാടുന്ന ഒരാളെ കണ്ടാൽ തള്ളിമാറ്റുകയല്ലേ ചെയ്യുക. വേറൊരുതരത്തിൽ എടുക്കേണ്ട.– മുഖ്യമന്ത്രി പറഞ്ഞു. ഡിവൈഎഫ്ഐ പ്രവർത്തകരുടെ നടപടി മാതൃകാപരമാണെന്നും ഇതു തുടരണമെന്നാണ് ആഗ്രഹമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജനാധിപത്യപരമായ ഒരു പ്രതിഷേധത്തിനും ഈ സർക്കാർ എതിരല്ല. എന്നാൽ കരിങ്കൊടിയുമായി ഓടുന്ന വാഹനത്തിനു നേരെ ചാടിയാലോ? അത് പ്രതിഷേധമല്ല, ആക്രമണോത്സുകതയാണ്. റോഡിലേക്ക് ചാടുന്ന ആൾക്ക് അപകടമുണ്ടായാലോ? അത് ഏതെല്ലാം തരത്തിലുള്ള പ്രചരണത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

Advertisement