കോയമ്പത്തൂര്‍.ഒടുവില്‍ റോബിന് ആശ്വാസമായി സുപ്രിംകോടതിയുടെ ഇടപെടല്‍. തമിഴ്‌നാട് ആര്‍ടിഒയുടെ കസ്റ്റഡിയില്‍ ആയിരുന്ന റോബിന്‍ ബസ് പുറത്തിറങ്ങി.കേരളവും തമിഴ്‌നാടും പിഴ ഇടുന്നതിനെതിരേ ബസുടമകളുടെ സംഘടന സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കോടതി അലക്ഷ്യ ഹര്‍ജി പരിഗണിച്ച് കോടതി ചോദിച്ച ചോദ്യങ്ങളെത്തുടര്‍ന്നാണ് ബസ് വിട്ടുനല്‍കിയത്. കോടതിക്ക് പുറത്ത് ഫൈന്‍ ചാര്‍ജ്ജു ചെയ്യുമോ എന്ന് കോടതി ആരാഞ്ഞു.
പെര്‍മിറ്റ് ലംഘനത്തിന് പിഴ അടച്ച ശേഷമാണ് ബസ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് വിട്ടു നല്‍കിയത്.സര്‍വ്വീസ് ഉടന്‍ പുനരാരംഭിക്കുമെന്ന് ഉടമ വ്യക്തമാക്കി.അതേസമയം അന്തര്‍ സംസ്ഥാന ബസുകള്‍ക്ക് ഗതാഗത വകുപ്പ് അകാരണമായി പിഴ ഇടുകയാണെന്ന് ആഡംബര ബസ് ഉടമകളുടെ സംഘടനയും വ്യക്തമാക്കി. അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ച് സമരം ചെയ്യുമെന്നും സംഘടന അറിയിച്ചു
പെര്‍മിറ്റ് ലംഘിച്ചു എന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂര്‍ ഗാന്ധിപുരം ആര്‍ടിഒ റോബിന്‍ ബസ് പിടിച്ചെടുത്തത്.കേരളത്തില്‍ ഹൈക്കോടതി വിധിക്ക് ശേഷം സര്‍വ്വീസ് നടത്തിയ ആദ്യദിനം തന്നെ ആറിടങ്ങളില്‍ നിന്ന് പിഴ കിട്ടിയ ശേഷമാണ് ബസ് തമിഴ്‌നാട്ടിലെത്തിയത്.പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി ബസ് ഗാന്ധിപുരം ആര്‍ടിഓ പിടിച്ചെടുക്കുകയായിരുന്നു.10000 രൂപ പിഴ നല്‍കിയതിന് പിന്നാലെ ബസ് ആര്‍ടിഓ വിട്ടുനല്‍കി.
ബസ് പുറത്തിറങ്ങിയതിന് പിന്നാലെ റോബിന്‍ ആരാധകര്‍ ഉടമ ഗിരീഷിനെ പൊന്നാടയണിയിച്ച് ആദരിച്ചു.ഉടന്‍ സര്‍വ്വീസ് ആരംഭിക്കുമെന്നാണ് ഉടമ പറയുന്നത്