തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ ഐ ഡി കാർഡ് കേസിൽ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ. അഭി വിക്രം, ബിനിൽ ബിനു, ഫെന്നി നൈനാൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ വിശ്വസ്തരാണ് പിടിയിലായത്.
അഭി വിക്രമിനെ പത്തനംതിട്ടയിൽ വെച്ചാണ് കസ്റ്റഡിയിൽ എടുത്തത്. ഫെനി, ബിനിൽ ബിനു എന്നിവരെ തിരുവനന്തപുരത്ത് നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി തയ്യാറാക്കിയതിൻ്റെ തെളിവുകൾ പുറത്തു വന്നിരുന്നു.
പിന്നാലെ സംഭവം ഏറേ ചർച്ച ചെയ്യപ്പെട്ടു. തുടർന്ന് ബിജെപിയും ഇടതുപക്ഷവും വിഷയം ഏറ്റെടുത്തു. പൊലീസിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകി.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ സർവത്ര വ്യാജരേഖയെന്നാണ് പൊലീസ് പറയുന്നത്. വ്യാജ അപ്പ് ഉപയോഗിച്ചല്ലാതെയും തിരിച്ചറിയൽ രേഖയുണ്ടാക്കി. വിവിധ എഡിറ്റിംഗ് ആപ്പുകൾ ഉപയോഗിച്ചും വ്യാജ ഐഡി കാർഡുകളുണ്ടാക്കി. സൈബർ ഡോം നടത്തിയ അന്വേഷണത്തിലാണ് ഇത് വ്യക്തമായത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിന് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹാജരാക്കാൻ പൊലീസ് നിർദേശം നൽകി. വോട്ട് ചെയ്തവരുടെ വിവരങ്ങളും തിരിച്ചറിയല്‍ രേഖകളും ഹാജരാക്കാനാണ് നിര്‍ദേശം. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സംഘാടകര്‍ക്കാണ് നോട്ടീസ് നല്‍കിയത്. 10 പരാതികളാണ് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസിന് ഇതുവരെ ലഭിച്ചത്. കേസില്‍ അന്വേഷണം തുടരുകയാണ്.