സ്‌കൂളിലെ വെടിവയ്‌പ്പ്; കുട്ടികള്‍ക്ക് ലഹരി മരുന്നുകൾ നൽകുന്ന വലിയ ശൃംഖല കണ്ടെത്താൻ പൊലീസ്

Advertisement

തൃശൂർ: വിവേകോദയം ഹയർ സെക്കൻഡറി സ്‌കൂളിലെ പൂർവ വിദ്യാർഥി പ്രിൻസിപ്പലിന്റെ മുറിയിലും ക്ലാസ് മുറികളിലും കയറി എയർഗൺ കൊണ്ട് ആകാശത്തേക്കു വെടിവച്ച സംഭവത്തിൽ പ്രതിയുടെ ലഹരിബന്ധങ്ങൾ തേടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ലഹരിക്ക് അടിമയായ യുവാവ് ആക്രമണം നടത്തിയ സംഭവം ഗൗരവകരമായാണ് പൊലീസ് കാണുന്നത്.

കുട്ടികള്‍ക്ക് ലഹരി മരുന്നുകൾ നൽകുന്ന വലിയ ശൃംഖലയുണ്ടെന്നാണ് പൊലീസ് നിഗമനം. ഇതേ തുടർന്നാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. പ്രതി മുൻപ് മണ്ണൂത്തി പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ്. മുളയം കേന്ദ്രീകരിച്ചുള്ള ലഹരിസംഘങ്ങൾ കുട്ടികളെ ലഹരിപ്രവർത്തനങ്ങൾക്ക് കരുവാക്കുന്നതായാണ് പൊലീസ് വിലയിരുത്തൽ.

അതിനിടെ ജാമ്യം നേടിയ യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. 2020 മുതൽ ഇയാൾ മാനസിക വെല്ലുവിളിക്ക് ചികിൽസ തേടിയിരുന്നതായി പ്രതിയുടെ മാതാപിതാക്കൾ സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്നാണ് പ്രതിയെ ചികിൽസയ്‌ക്കായി പ്രവേശിപ്പിച്ചത്. എക്സൈസും പരിശോധന കർശനമാക്കാൻ നീക്കം നടത്തുന്നുണ്ട്.

പഠനകാലത്തു പല തവണ സ്‌കൂളിൽ പ്രശ്നമുണ്ടാക്കിയ യുവാവ് പ്ലസ് വൺ പഠനത്തിനു ശേഷം സ്‌കൂൾ വിട്ടിരുന്നു. നിരോധിച്ചിട്ടും സ്‌കൂളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിനു പിടികൂടിയതോടെയാണ് സ്കൂൾ വിട്ടത്. രണ്ട് വർഷം മുൻപു പ്രിൻസിപ്പൽ പിടിച്ചെടുത്ത തൊപ്പി കിട്ടണം എന്ന ആവശ്യവുമായാണ് യുവാവ് ഇന്നലെ പത്തരയോടെ സ്‍‌കൂളിലെത്തിയത്. ഇതിനു ശേഷമാണ് പോക്കറ്റിൽ നിന്ന് തോക്കെടുത്ത് ആകാശത്തേക്കും ചുമരിലേക്കും മൂന്ന് തവണ വെടിവച്ചത്. ബഹളത്തിനു ശേഷം സ്കൂളിൽനിന്നു ഓടിപ്പോകാൻ ശ്രമിച്ച യുവാവിനെ നാട്ടുകാരും പൊലീസും ചേർന്ന് തൊട്ടടുത്ത റോഡിൽ നിന്നാണ് പിടികൂടിയത്.