പരുക്കേറ്റവരെ സഹായിച്ചില്ല, കണ്ണിൽച്ചോരയില്ലാതെ സ്ഥലംവിട്ട പൊലീസുകാർക്കെതിരെ നടപടി വരും

Advertisement

കട്ടപ്പന: വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു റോഡിൽ കിടന്ന യുവാക്കളെ ഔദ്യോഗിക ജീപ്പിൽ ആശുപത്രിയിൽ കൊണ്ടുപോകാൻ തയാറാകാതെ മടങ്ങിയ രണ്ട് പൊലീസുകാർക്കെതിരെ സ്പെഷൽ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്കു റിപ്പോർട്ട് നൽകി. ഇവർക്കു വീഴ്ച പറ്റിയെന്നു റിപ്പോർട്ടിലുണ്ട്.

ഇരുവർക്കുമെതിരെ നടപടിയുണ്ടായേക്കും. നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിൽ നിന്നു പ്രതിയെ പീരുമേട് സബ് ജയിലിൽ എത്തിച്ചശേഷം മടങ്ങുകയായിരുന്ന ജീപ്പിലുണ്ടായിരുന്ന രണ്ട് സിവിൽ പൊലീസ് ഓഫിസർമാരാണ്, അപകടത്തിൽപെട്ടു വഴിയിൽക്കിടന്നവരെ ആശുപത്രിയിൽ എത്തിക്കാൻ തയാറാകാതെ പിൻവാങ്ങിയത്.

പിക്കപ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റു യുവാക്കൾ റോഡിൽ വീണ് 30 സെക്കൻഡിനുള്ളിൽ പൊലീസ് ജീപ്പ് സ്ഥലത്തെത്തിയിരുന്നു. ഓടിക്കൂടിയവർ പരുക്കേറ്റ യുവാവിനെ എടുത്തുകൊണ്ട് പൊലീസ് ജീപ്പിനരികിലേക്ക് എത്തിയെങ്കിലും ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിക്കാൻ നിർദേശിച്ച് ഉദ്യോഗസ്ഥർ സ്ഥലംവിടുകയായിരുന്നു. പരുക്കേറ്റ രണ്ട് യുവാക്കളും ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisement