ചെന്നൈ: അച്ഛനെ കൊന്നയാളോട് 22 വര്‍ഷത്തിന് ശേഷം പ്രതികാരം ചെയ്ത് യുവാവ്. ചെന്നൈ മാധവരത്ത് തിങ്കളാഴ്ച 52 വയസുകാരനെ വെട്ടിക്കൊന്ന സംഭവത്തിലാണ് യുവാവും സുഹൃത്തുക്കളും പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി കുറ്റം സമ്മതിച്ചത്. 2001ല്‍ തനിക്ക് ഏഴ് വയസ് മാത്രം പ്രായമുള്ളപ്പോള്‍ അച്ഛനെ കൊന്നതിനുള്ള പ്രതികാരമാണെന്ന് ചെയ്തതെന്ന് അറസ്റ്റിലായ സതീഷ് കുമാര്‍ പൊലീസിനോട് പറഞ്ഞു.
രണ്ട് പതിറ്റാണ്ട് മുമ്പ് നിരവധി ക്രിമില്‍ കേസുകളില്‍ പ്രതിയായ ശെഷ്യാന്‍ എന്നയാളാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. വ്യാജ വാറ്റ് നടത്തിയിരുന്ന ഇയാള്‍ കൊടുങ്കൈയൂര്‍ പ്രദേശത്ത് നിരവധി ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. 2001ലാണ് സതീഷ് കുമാറിന്റെ പിതാവിനെ കൊലപ്പെടുത്തിയത്. പിന്നീട് ഈ കേസില്‍ ജാമ്യത്തിലിറങ്ങി അച്ഛന്റെ സഹോദരനെയും കൊന്നു. ഈ കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കി ഇയാളെ 15 വര്‍ഷം തടവിന് വിധിച്ചു. 2018ല്‍ ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ശേഷം മാനസാന്തരപ്പെട്ട് ഒരു വെല്‍ഡിങ് യൂണിറ്റില്‍ ജോലി ചെയ്ത് സാധാരണ ജീവിതം നയിക്കുകയായിരുന്നു.
കൊലപാതകം നടക്കുമ്പോള്‍ ഏഴ് വയസ് മാത്രം പ്രായമുണ്ടായിരുന്ന സതീഷ് കുമാര്‍ നിലവില്‍ ഒരു വാട്ടര്‍ കാന്‍ സപ്ലൈ സ്ഥാപനത്തില്‍ ജോലി ചെയ്ത് ജീവിച്ച് വരുന്നതിനിടെയാണ് അച്ഛന്റെ കൊലപാതകത്തില്‍ പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചത്. തന്റെ നാല് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ച രാത്രി വടപെരുമ്പക്കത്തു വെച്ച് കൊലപാതകം നടത്തി. തുടര്‍ന്ന് എല്ലാവരും സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.
ഗുരുതരമായി പരേക്കറ്റ് റോഡില്‍ കിടന്നയാളെക്കുറിച്ച് നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. തുടര്‍ന്ന് റെഡ് ഹില്‍സ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സതീഷ് കുമാറിന് സംഭവത്തില്‍ ബന്ധമുണ്ടെന്ന് മനസിലായത്. ചൊവ്വാഴ്ച തന്നെ സതീഷും മൂന്ന് സുഹൃത്തുക്കളും റെഡ് ഹില്‍സ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു.