തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയ കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച അഭി വിക്രം, ഫെന്നി നൈനാന്‍, ബിനില്‍ ബിനു, വികാസ് കൃഷ്ണ എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് രാവിലെ 11ന് വീണ്ടും കോടതിയിൽ ഹാജരാകണം. ഈ വ്യവസ്ഥയിലാണ് ഇന്നലെ തിരുവനന്തപുരം സിജെഎം കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്.
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയ കേസില്‍ അഭി വിക്രം, ഫെന്നി നൈനാന്‍, ബിനില്‍ ബിനു, വികാസ് കൃഷ്ണ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നാല് പേരും ഒരുമിച്ച് ഇരുന്നാണ് ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍, കഴിഞ്ഞ ദിവസമാണ് മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയില്‍ എടുത്ത അഭി വിക്രം, ബിനില്‍ ബിനു, ഫെന്നി നൈനാന്‍ തുടങ്ങിയവരില്‍ നിന്നും നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞിരുന്നു. മൂവരുടെയും പങ്ക് തെളിയിക്കുന്ന തെളിവുകളാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചത്. കഴിഞ്ഞ ദിവസം അടൂരില്‍ അഭി വിക്രമിന്റെയും ബിനില്‍ ബിനുവിന്റെയും വീട്ടില്‍ നടത്തിയ പോലീസ് പരിശോധനയില്‍ ലാപ് ടോപ്പും ഫോണും പിടിച്ചെടുത്തിരുന്നു. ഇതില്‍ നിന്നും ഒട്ടേറെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
ക്രമക്കേടില്‍ കൂടുതല്‍ പേര്‍ക്ക് പങ്ക് ഉണ്ടെന്നാണ് പൊലീസ് നിഗമനം. പുതുതായി തെരഞ്ഞെടുത്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്ഥരാണ് നിലവില്‍ അറസ്റ്റിലായവര്‍. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന് പൊലീസ് നോട്ടീസ് നല്‍കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ശനിയാഴ്ച മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കുക.