രാഹുൽ മാങ്കൂട്ടത്തിലിന്റെ കാറിൽ വെച്ച് പ്രതികളെ പിടിച്ചു; രാജ്യസുരക്ഷക്ക് ഭീഷണിയെന്ന് പൊലീസ് റിപ്പോർട്ടിൽ

Advertisement

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതികൾ രാജ്യസുരക്ഷക്ക് ഭീഷണിയായി പ്രവർത്തിച്ചുവെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ട്. പ്രതികൾ സഞ്ചരിച്ചിരുന്നത് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ കാറിലായിരുന്നു.

രാഹുലിന് സ്വീകരണം നൽകിയ ശേഷം കെപിസിസി ഓഫീസിൽ നിന്ന് മടങ്ങുന്ന വഴിയിൽ, തിരുവനന്തപുരം തൈക്കാട് വച്ചാണ് ഫെനി, ബിനിൽ ബിനു എന്നീ പ്രതികളെ പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്നത് രാഹുലിന്റെ കാറിലായിരുന്നുവെന്നും കാർ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. പ്രതികളെ റിമാൻഡ് ചെയ്യണമെന്നും ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ ശ്രമിക്കുമെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ന് വിശദമായ വാദം കേൾക്കും. നാല് പ്രതികൾക്ക് കോടതി ഇന്നലെ ഇടക്കാല ജാമ്യം നൽകിയിരുന്നു.

പ്രതികൾ പിടിയിലായത് തന്റെ കാറിൽ നിന്നാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ സമ്മതിച്ചു. കസ്റ്റഡിയിലെടുക്കുമ്പോൾ ഒരു നോട്ടീസ് പോലും നൽകിയില്ല. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ പ്രതികളെ തള്ളിപ്പറയാൻ മടിയില്ലെന്നും രാഹുൽ വിശദീകരിച്ചു.

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർ‍ഡ് ഉണ്ടാക്കിയ കേസിൽ അറസ്റ്റിലായ പ്രതികൾ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാകും. ഇന്നലെ പ്രതികളെ ഹാജരാക്കിയപ്പോൾ നാല് പേർക്കും കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. തുറന്ന കോടതിയിൽ കേസ് കേൾക്കുന്നതിന് വേണ്ടിയാണ് ജാമ്യം നൽകിയത്. നിലവിൽ അറസ്റ്റിലായ അഭി വിക്രം, ഫെന്നി നൈനാൻ, ബിനിൽ ബിനു, വികാസ് കൃഷ്ണൻ എന്നിവരുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്. ഇവരുടെ സ്ഥാപനങ്ങളിലടക്കം പൊലീസ് പരിശോധന നടത്തി. അടൂർ പന്തളം കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന തുടരുകയാണ്.