17 വർഷം മുമ്പ് കൊലപാതകം നടത്തി മുങ്ങി; ഇന്റർപോൾ സഹായത്തിൽ പ്രതി സൗദിയിൽ പിടിയിൽ

Advertisement

തിരുവനന്തപുരം:
തുമ്പയിൽ 17 വർഷം മുമ്പ് നടന്ന കൊലപാതകക്കേസിൽ മുങ്ങിയ മൂന്നാം പ്രതിയെ സൗദിയിൽ നിന്ന് പിടികൂടി. ഇന്റർപോളിന്റെ സഹായത്തോടെയാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന മൺവിള കിഴക്കുംകര സ്വദേശി ബൗഡൻ എന്ന് വിളിക്കുന്ന സുധീഷിനെ(36) പോലീസ് പിടികൂടിയത്. ലഹരി മരുന്ന് സംഘാംഗമായിരുന്നു ഇയാൾ. പ്രതിയെ നാട്ടിലെത്തിച്ചു.

ലഹരിമരുന്ന് സംഘത്തിന്റെ പ്രവർത്തനം തടയാൻ ശ്രമിച്ചതിന് മുരളി എന്നയാൾ കൊല്ലപ്പെട്ട കേസിലെ മൂന്നാം പ്രതിയാണ് സുധീഷ്. കേരളാ പോലീസിന്റെ റിപ്പോർട്ട് പ്രകാരം ഇയാൾക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സുധീഷ്.

മുരളി വധക്കേസിലെ ഒന്നാം പ്രതി രാജേന്ദ്രബാബുവും രണ്ടാം പ്രതി ഷൈനുവും വിചാരണക്ക് ഹാജരാകാതെ ഒളിവിലാണ്. സുധീഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.