കോട്ടയത്ത് വനിതാ മജിസ്ട്രേറ്റിന് നേരെ അഭിഭാഷകരുടെ തെറിയഭിഷേകം! അശ്ലീല മുദ്രാവാക്യം

Advertisement

കോട്ടയം : കോട്ടയത്ത് അഭിഭാഷകര്‍ നടത്തിയ അസഭ്യ വര്‍ഷത്തെ പറ്റി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് വനിതാ മജിസ്ട്രേറ്റ് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ പരാതി ലഭിക്കാത്തതിനാല്‍ അഭിഭാഷകരുടെ തെറിയഭിഷേകത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല. ജൂനിയര്‍ അഭിഭാഷകരുടെ ഭാഗത്തു നിന്നുണ്ടായ അപക്വമായ നിലപാടാണ് പ്രതിഷേധ പ്രകടനത്തിലെ അസഭ്യ വര്‍ഷത്തിന് വഴിവച്ചതെന്നാണ് കോട്ടയം ബാര്‍ അസോസിയേഷനിലെ മുതിര്‍ന്ന അഭിഭാഷകരുടെ വിശദീകരണം.

ഇരുന്നൂറോളം വരുന്ന അഭിഭാഷക സംഘം തന്‍റെ ഡയസിനു മുന്നില്‍ അസഭ്യം നിറഞ്ഞ മുദ്രാവാക്യം മുഴക്കിയെന്ന് വ്യക്തമാക്കിയുളള റിപ്പോര്‍ട്ടാണ് വനിതാ സിജെഎം ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറിയത്. രജിസ്ട്രാറുടെ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍.

അതേ സമയം വനിതാ സിജെഎമ്മും അഭിഭാഷകരും തമ്മിലുണ്ടായ പ്രശ്നം കൂടുതല്‍ വഷളാകാതിരിക്കാന്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ ഒത്തുതീര്‍പ്പു ശ്രമങ്ങളും ഉന്നത ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് നടക്കുന്നുണ്ട്. പ്രതിഷേധം നടത്തിയ അഭിഭാഷകര്‍ക്കെതിരെ രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സിജെഎം ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. പരാതി കിട്ടിയാല്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ കോട്ടയം കോടതിയിലെ അഭിഭാഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഏറ്റുമാനൂര്‍ കോടതിയിലെ അഭിഭാഷകര്‍ ഇന്ന് കോടതി നടപടികളില്‍ നിന്ന് വിട്ടു നിന്നു. പ്രതിഷേധ പ്രകടനവും നടത്തി.

വ്യാജരേഖയുണ്ടാക്കി പ്രതി ജാമ്യം നേടിയ സംഭവത്തിൽ അഭിഭാഷകനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് കോട്ടയത്ത് അഭിഭാഷകർ നടത്തിയ പ്രകടനത്തില്‍ ഇന്നലെയാണ് വനിതാ സിജെഎമ്മിനെ വ്യക്തിപരമായി അധിക്ഷേപിക്കും വിധമുളള അശ്ലീല മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. അസഭ്യം നിറഞ്ഞ മുദ്രാവാക്യങ്ങള്‍ മുഴക്കിയതില്‍ അഭിഭാഷകര്‍ക്കിടയിലും അഭിപ്രായ വ്യത്യാസമുണ്ട്. ജൂനിയര്‍ അഭിഭാഷകരുടെ ഭാഗത്തു നിന്നുണ്ടായ പ്രകോപനമാണ് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയതെന്ന നിലപാടിലാണ് മുതിര്‍ന്ന അഭിഭാഷകര്‍. മുതിര്‍ന്ന അഭിഭാഷകന്‍ എം.പി. നവാബിനെതിരെ എടുത്ത കേസ് റദ്ദാക്കാനുളള നടപടികള്‍ ഉണ്ടായില്ലെങ്കില്‍ കോടതികള്‍ ബഹിഷ്കരിച്ചു കൊണ്ടുളള പ്രതിഷേധത്തിലേക്ക് നീങ്ങുന്നതിനെ കുറിച്ചും അഭിഭാഷകര്‍ ആലോചിക്കുന്നുണ്ട്.