‘ഞാൻ ശൈലജ ടീച്ചർക്കെതിരെ എന്തോ പറഞ്ഞെന്നു പരത്തുന്നു, ചിലർക്ക് വല്ലാത്ത ബുദ്ധി, അത് നല്ലതല്ല, ആ കളി വേണ്ട’

Advertisement

സുൽത്താൻ ബത്തേരി: കെ.കെ ശൈലജയ്ക്കെതിരായ പരാമർശം വിവാദമായതിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി. തൻറെ പ്രസംഗം കൊണ്ട് പരിപാടി വൈകിയിട്ടില്ല എന്ന ശൈലജ ടീച്ചറുടെ വിശദീകരണത്തിന് പിന്നാലെയാണ് പിണറായിയുടെ ആക്ഷേപം.

മട്ടന്നൂർ മണ്ഡലത്തിലെ നവകേരള സദസ്സിൽ സ്ഥലം എംഎൽഎയായ കെ കെ ശൈലജ പ്രസംഗം നീട്ടിക്കൊണ്ട് പോയതിനാൽ താൻ കൂടുതൽ സംസാരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് വിവാദമായിരുന്നു. എന്നാൽ താൻ പ്രസംഗം നീട്ടിയിട്ടില്ലെന്നും 15 മിനിറ്റ് മാത്രമാണ് പ്രസംഗിച്ചതെന്നും അത് കാരണം പരിപാടി വൈകിയിട്ടില്ലെന്നും ഇന്ന് കെ.കെ ശൈലജ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദത്തിൻറെ ഉത്തരവാദിത്തം മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മേൽ ചാർത്തിയത്.

Advertisement

സിപിഎം നേതാവ് കൂടിയായ ശൈലജയുടെ ഭർത്താവിനെയും മുഖ്യമന്ത്രി പരാമർശിച്ചിരുന്നു. പരിപാടിക്ക് ആൾക്കുട്ടം കുറഞ്ഞതിലുള്ള നീരസം ആ പ്രതികരണത്തിലുണ്ടായിരുന്നു. ശൈലജക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശം യാദൃശ്ചികമല്ലെന്നാണ് പാർട്ടിയിലെ വിലയിരുത്തൽ. കൊവിഡ് കാലത്ത് പല കാര്യങ്ങളിലും മുൻകൈ എടുത്തതുവഴി ശൈലജക്ക് കിട്ടിയ വാ‍ർത്താ പ്രാധാന്യം ചർച്ചയായിരുന്നു. ശൈലജയെ മുഖ്യമന്ത്രിയാക്കണമെന്ന തരത്തിലുള്ള ചർച്ച ഇലക്ഷൻ കാലത്ത് ഉയർന്നതും അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു.

കണ്ണൂരിലെ പാർട്ടി സമവാക്യങ്ങളിലും ശൈലജ ഇപ്പോൾ പ്രധാനിയല്ല. ഇതൊക്കെയാണ് മുഖ്യമന്ത്രിയുടെ പരാമർശത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. ശൈലജ പ്രസംഗിച്ചത് മുഖ്യമന്ത്രി വേദിയിലെത്തും മുമ്പാണ്. അപ്പോൾ പിന്നെ ശൈലജ പ്രസംഗം നീട്ടിയെന്ന് മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചെന്ന് വ്യക്തം. പക്ഷെ വിവാദം പുറത്ത് രൂക്ഷമാകുമ്പോൾ മുഖ്യമന്ത്രി കാര്യമായൊന്നും തനിക്കെതിരെ പറഞ്ഞില്ല എന്നാണ് ശൈലജ വിശദീകരിക്കുന്നത്.