കേരളത്തിലേത് നാടുവാഴി സദസ്; നരേന്ദ്ര മോദിക്കെതിരായ പ്രചാരണത്തിന് ഖജനാവിലെ പണം മുടക്കുന്നു, നവകേരള സദസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ

Advertisement

തിരുവല്ല:
കേരളത്തിലെ ഭരണ സംവിധാനം മുഴവൻ വിനോദസഞ്ചാരം നടത്തുകയാണന്ന പരിഹാസവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ.എൻ ഡി എ യുടെ നേതൃത്വത്തിൽ തിരുവല്ല കെ എസ് ആർറ്റിസി കോർണറിൽ നടത്തിയ ഹമാസ് ഭീകരതയ്ക്കെതിരായ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിൻ്റെ ആദ്യ പത്ത് മിനിട്ട് കേരള സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച മന്ത്രി നവകേരള സദസിനോടുള്ള പ്രതിപക്ഷത്തിൻ്റെ നിലപാട് എന്താണെന്നും ചോദിച്ചു.

കേരളം സാമ്പത്തിക പ്രതിസന്ധിയിലാണന്ന് ഹൈക്കോടതിയിൽ വരെ പറഞ്ഞ സംസ്ഥാന സർക്കാർ ഒന്നര കോടി മുടക്കി ബസ് വാങ്ങിയത് എന്തിനാണ്? 126 വണ്ടികളാണ് ബസിനൊപ്പം കേരളം ചുറ്റുന്നത്. ഇത് വിനോദ യാത്രയല്ലാതെ മറ്റെന്താണ്? യു ഡി എഫ് ഭരിക്കുന്ന തിരുവല്ല, പറവൂർ നഗരസഭകൾ ഇതിന് വേണ്ടി പണം നൽകി കഴിഞ്ഞു.ഇത് ഒരു അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയം ആണ്. രണ്ട് പേരും ഒരുമിച്ച് കേരളത്തിലെ ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്ന ഒരു സമീപനമാണ് കഴിഞ്ഞ കുറെ നാളുകളായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് ആദ്യം തന്നെ പറഞ്ഞത് ഞാൻ ചെന്നിത്തലയുടെ കോൺഗ്രസിൻ്റെ സമീപനമല്ല തുടരാൻ പോകുന്നത്. ഞങ്ങൾ സഹകരണാത്മക പ്രതിപക്ഷമായിരിക്കും. ഈ സർക്കാരുമായി എല്ലാ കാര്യത്തിനും എതിർക്കാനോ ഏറ്റ് മുട്ടാനോ ഉള്ള സമീപനമായിരിക്കുകയല്ല ഞങ്ങളുടേത്, ഇത് നമ്മൾ ഇപ്പോൾ കണ്ട് കൊണ്ട് ഇരിക്കുകയാണ്.ജനങ്ങളോടൊപ്പം നിന്ന് സർക്കാരിനെ എതിർക്കുന്നതിന് പകരം സർക്കാരിനൊപ്പം എങ്ങനെ നിൽക്കാം എന്നതിൻ്റെ പുതിയ പരീക്ഷണങ്ങൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളോട് മുണ്ട് മുറുക്കി ഉടുക്കാനാണ് മുഖ്യമന്ത്രി പറയുന്നത്. കേരളത്തിൽ സാമ്പത്തീക പ്രതിസന്ധി ഉണ്ടന്ന് മുഖ്യമന്ത്രിയും, ധനകാര്യ മന്ത്രിയും പാർട്ടി സെക്രട്ടറിയും പറയുന്നു.54700 കോടി കേന്ദ്രം തരാനുണ്ടന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ 38000 കോടിയെന്ന് ധനകാര്യ മന്ത്രിയും 70000 കോടിയെന്ന് പാർട്ടി സെക്രട്ടറിയും പറയുന്നു. ഈ കണക്കുകൾ തമ്മിൽ പൊരുത്തമില്ല.ജനങ്ങളോട് മുണ്ട് മുറുക്കി ഉടുക്കാൻ പറഞ്ഞിട്ട് ഒന്നരക്കോടിയുടെ ബസിൽ വിനോദസഞ്ചാരം നടത്തുന്നു.ഇതിനെ നവകേരള സദസ് എന്ന് വിളിക്കാൻ പറ്റില്ല.നാടുവാഴി സദസ് എന്നേ പറയാൻ കഴിയും.ജന്മിത്വത്തിൻ്റെ അവതാരം സ്വയം ഏറ്റെടുക്കയാണ് പിണറായി വിജൻ. നാടുവാഴി വരുമ്പോൾ എല്ലാവരും വായ്ക്കുരവ ഇടണം.അതിപ്പോൾ എട്ടും പത്തും വയസ്സു മാത്രമുള്ള സ്കൂൾ കുട്ടികളെ കൊണ്ട് ചെയ്യിക്കുകയാണന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ഒന്നര കോടിയുടെ ബസിന് പിന്നാലെ ഓടുന്ന 126 വണ്ടികളിൽ പച്ച വെള്ളമാണോ ഒഴിക്കുന്നത്. അതോ പുതിയ സാങ്കേതിക വിദ്യ വല്ലതും കണ്ട് പിടിച്ചോ? എങ്കിൽ അത് പറയണം. മന്ത്രിമാർ രാവിലെ ടീ ഷർട്ടും ഇട്ട് ബീച്ചിൽ ഓടുന്നു. കുടവയറും താങ്ങിപ്പിടിച്ചുള്ള ഈ ഓട്ടത്തിൻ്റെ ദൃശ്യങ്ങൾ കാണിക്കാം കേരളത്തിലെ റ്റി വി ചാനലുകാർ തമ്മിൽ മത്സരിക്കുകയാണന്നും വി മുരളീധരൻ പരിഹസിച്ചു.

ജനങ്ങളുടെ പരാതി കേൾക്കാൻ പോയ മുഖ്യമന്ത്രി മണ്ഡലങ്ങളിൽ പോയി അങ്ങോട്ട് പരാതി പറയുകയാണ്. കേന്ദ്രവും നരേന്ദ്ര മോദിയും ഞങ്ങളെ ഞെക്കിക്കൊല്ലുകയാണ് ,കേന്ദ്രം പ്രതിസന്ധിയിലാക്കുന്നു. ഇതാണ് മുഖ്യമന്ത്രി മണ്ഡലങ്ങളിൽ പോയി പറയുന്നത്.

2024 ഏപ്രിൽ മെയ് മാസങ്ങളിൽ നടക്കാൻ പോകുന്ന ലോക് സഭാ പൊതു തെരഞ്ഞടുപ്പിൽ നരേന്ദ്ര മോദിക്കെതിരായ പ്രചാരണത്തിന് സംസ്ഥാന ഖജനാവിലെ പണം കൊണ്ടുള്ള ഒരു യാത്രയാണ് ഇത്. ഒരു സാധാരണക്കാരന് പോലും മുഖ്യമന്ത്രിയുടെ അടുത്ത് പോയി പരാതി പറയാൻ പറ്റുമോ എന്നും മുരളീധരൻ ചോദിച്ചു.

ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് അഡ്വ.വി എസൂരജ് അധ്യക്ഷനായി. മുൻ എംഎൽഎ പി സി ജോർജ്ജ്, സി കെ പത്മനാഭൻ, വി എൻ ഉണ്ണി, കരമന ജയൻ തുടങ്ങിയവർ പ്രസംഗിച്ചു. ക്രൈസ്തവ സഭകൾക്ക് നിർണ്ണായക പ്രാധാന്യമുള്ള സ്ഥലത്ത് സംഘടിപ്പിച്ച ചടങ്ങിൽ ഓർത്തഡോക്സ് സഭ, ഇവാഞ്ചലിക്കൽ ചർച്ച് എന്നിവയുടെ
ബിഷപ്പ്മാരും, കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി) ജനറൽ സെക്രട്ടി ഡോ: പ്രകാശ് പി തോമസും സംസാരിച്ചു.

Advertisement