കോഴിക്കോട്.നവകേരള സദസിൽ മന്ത്രി അഹമ്മദ് ദേവർ കോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. സാമ്പത്തിക തട്ടിപ്പ് കേസിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ 63 ലക്ഷം രൂപ നൽകണമെന്ന കോടതി വിധി നടപ്പായിക്കിട്ടാൻ സഹായിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. വടകര മുട്ടുങ്ങൽ സ്വദേശി എ.കെ യൂസഫ് ആണ് പരാതി നൽകിയിരിക്കുന്നത്. 2015 ൽ ചെക്ക് കേസിൽപെട്ട അഹമ്മദ് ദേവർകോവിലിനെതിരെ വടകര പോലീസ് കേസെടുത്തിരുന്നു. ഈ കേസിൽ 2019 ൽ കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി വിധിപ്രകാരം ലഭിക്കേണ്ട തുക ലഭ്യമാക്കണമെന്നാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട് നേരത്തെ മുഖ്യമന്ത്രിക്ക് ഇ മെയിൽ വഴി പരാതി നൽകിയിരുന്നെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് നവ കേരള സദസിൽ പരാതി നൽകിയതെന്ന് യൂസഫ് പറഞ്ഞു. പണം നൽകാതെ മന്ത്രി കബളിപ്പിക്കുകയാണെന്നും ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിൽ പറയുന്നു. വിഷയത്തിൽ മന്ത്രി പ്രതികരിച്ചിട്ടില്ല.