തിരുവനന്തപുരം:
വ്യാജ ഐഡി കാർഡ് കേസിൽ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ഒന്നും ഒളിക്കാനും മറയ്ക്കാനുമില്ലെന്ന് രാഹുൽ പറഞ്ഞു. ചോദ്യം ചെയ്യലിന് ഇന്ന് രാവിലെ പത്ത് മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് മ്യൂസിയം പോലീസാണ് രാഹുലിന് നോട്ടീസ് അയച്ചത്.
ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും അന്വേഷണത്തിന് ഒരു തടസവും സൃഷ്ടിക്കില്ലെന്നും എന്നാൽ തനിക്കെതിരെയുള്ള നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. യൂത്ത് കോൺഗ്രസിന് പുതിയ ടീം വരുന്നതിനെ ചിലർ ഭയപ്പെടുന്നു. അന്വേഷണസംഘം രൂപീകരിക്കുന്നതിന് മുൻപ് ഫ്രെയിം ചെയ്യേണ്ടവരെ ലിസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ഇതിനു പിന്നിൽ രാഷ്ട്രീയ അജണ്ട ഉണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.