പ്രഭാവലയത്തിൽ ആറാടി അമ്പിളി; ‘മൂൺ ഹാലോ’യ്ക്ക് സാക്ഷിയായി കേരളം

Advertisement

തിരുവനന്തപുരം: ‘മൂൺ ഹാലോ’ (Moon Halo) പ്രതിഭാസത്തിന് സാക്ഷിയായി കേരളം. ഇന്നലെ രാത്രിയാണ് മൂൺ ഹാലോ പ്രത്യക്ഷപ്പെട്ടത്. റിഫ്രാക്‌ഷൻ, അല്ലെങ്കിൽ പ്രകാശത്തിന്റെ വിഭജനം, ഐസ് ക്രിസ്റ്റലുകളിൽ നിന്നുള്ള പ്രതിഫലനം കൂടാതെ പ്രകാശത്തിന്റെ തിളക്കം എന്നിവയാണ് ഹാലോ ആയി കാണപ്പെടുന്നത്.

ചന്ദ്രപ്രകാശം, അന്തരീക്ഷത്തിൽ താൽക്കാലികമായി തങ്ങിനിൽക്കുന്ന സിറസ് മേഘങ്ങളിലെ ദശലക്ഷക്കണക്കിന് ഐസ് പരലുകളിൽ റിഫ്രാക്റ്റ് ചെയ്യുന്നത് മൂലം ആണ് ഇത് രൂപം കൊള്ളുന്നത്. ഇതിനെ ‘ലൂണാർ ഹാലോ’ എന്നും വിളിക്കുന്നു. സൂര്യന് ചുറ്റും ഇതുപോലെ സംഭവിക്കാം അതിനെ ‘സൺ ഹാലോ’, സോളർ ഹാലോ’ എന്നു വിളിക്കും.

മൂൺ ഹാലോയിൽ രണ്ടു വളയങ്ങളായാണുണ്ടാകുക. ആദ്യത്തെ വളയം ചന്ദ്രനിൽ നിന്ന് 22 ഡിഗ്രി ചെരിഞ്ഞും രണ്ടാമത്തേത് 44 ഡിഗ്രി ചെരിഞ്ഞുമാണ് കാണപ്പെടുക. മഞ്ഞുതുള്ളികളാണ് ഇവയുടെ രൂപപ്പെടലിന് കാരണം. അതിനാൽ തന്നെ മൂൺ ഹാലോകൾ ഏറ്റവുമധികം ദൃശ്യമാകുക ശൈത്യമേഖലകളിലാണ്.

മറ്റു പ്രദേശങ്ങളിലും ശൈത്യകാലത്ത് ഇത്തരം മൂൺ ഹാലോകൾ രൂപപ്പെടാറുണ്ട്. മഴവില്ല് ഉണ്ടാകുന്നതുപോലെ ഈ പ്രകാശത്തിനും അപവർത്തനം സംഭവിക്കുന്നതിനാൽ മൂൺ ഹാലോയ്ക്കും നിറമുണ്ടാകാം. എന്നാൽ ഇവ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ലെന്നു മാത്രം.

‘മൂൺ ഹാലോ’ പ്രകാശം അന്തരീക്ഷത്തിലെ മഞ്ഞുകണങ്ങളിൽ തട്ടി പ്രതിഫലിക്കുന്നതാണെങ്കിൽ, രാത്രിയിൽ പ്രകാശം ജലകണങ്ങളിൽ തട്ടി ഇത്തരത്തിൽ പ്രഭാവവലയം ഉണ്ടാകുന്നത് ‘മൂൺ ബോ’ എന്ന് അറിയപ്പെടുന്നു. സൂര്യപ്രകാശത്തിൽ മഴവില്ല് രൂപപ്പെടുന്നതിന് സമാനമായ പ്രതിഭാസമാണിത്. ‘മൂൺ ഹാലോ’യുമായി താരതമ്യം ചെയ്താൽ അപൂർവമായാണ് ‘മൂൺ ബോ’കൾ പ്രത്യക്ഷപ്പെടുന്നത്. ചന്ദ്രൻറെ പ്രകാശം സൂര്യനെ അപേക്ഷിച്ച് 40,000 മടങ്ങ് കുറവായതുകൊണ്ടും വളരെ തെളിഞ്ഞ ആകാശത്ത് മാത്രമേ ഇവയേ കാണാൻ സാധിക്കൂ.