തൃശൂർ: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ.
യൂത്ത് കോൺഗ്രസ് അധ്യക്ഷനെ ടാർഗറ്റ്ചെയ്തിരിക്കുകയാണ്. ഒരു പൊളിറ്റിക്കൽ ടാർഗറ്റിനും രാഹുൽ മാങ്കൂട്ടത്തിലിനെ വിട്ടു കൊടുക്കില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
നിയമം നിയമത്തിന്റെ വഴിക്കുപോട്ടെ. യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ തെളിവുണ്ടായിരുന്നെങ്കിൽ എന്തിന് കോടതി ജാമ്യം നൽകി ?. ഒരു തെറ്റും ചെയ്തിട്ടില്ല എന്നാണ് രാഹുൽ മാങ്കൂട്ടം പറഞ്ഞിരിക്കുന്നത്. രാഹുലിനെ അവിശ്വസിക്കേണ്ടതില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയിൽ കാർഡുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിൽ ആശങ്കയില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചിരുന്നു. ഈ സർക്കാർ എന്തു ചെയ്യുമെന്നറിയില്ല. അറസ്റ്റ് ചെയ്താലും പ്രതിയാക്കിയാലും ഇവിടെ നിയമ സംവിധാനങ്ങളുണ്ടല്ലോ. അന്വേഷണത്തിന്റെ ഭാഗമായി സഹകരിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ചോദ്യം ചെയ്യലിനായി മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ പ്രതികരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ.
ഇന്നലെയാണ് നോട്ടീസ് ലഭിച്ചത്. വേണമെങ്കിൽ ഒഴിവാകാമായിരുന്നു. തനിക്ക് തന്നത് കുറച്ച് സമയമാണ്. സിപിഎമ്മും കോടതിയും പറയുന്ന കാര്യങ്ങൾ മാത്രമാണ് റിപ്പോർട്ടിലുള്ളത്. അതിനാൽ ആരുടെ പേരിലും ഇപ്പോൾ നടപടിയെടു ക്കേണ്ടതില്ല. കോടതിക്ക് പോലും കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടില്ല. സാക്ഷിയായിട്ടാണ് നോട്ടീസ് നൽകിയതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.