കുസാറ്റില്‍ വില്ലനായത് പെട്ടെന്ന് പെയ്ത മഴ

Advertisement

കൊച്ചി. ഗാനമേള നടന്ന ഓഡിറ്റോറിയത്തിന് അകത്തും പുറത്തും വിദ്യാര്‍ത്ഥികളുടെ വലിയ തിരക്കുണ്ടായിരുന്നു. പെട്ടെന്ന് മഴ പെയ്തപ്പോള്‍ ഓഡിറ്റോറിയത്തിന് അകത്തേക്ക് പുറത്തുനിന്നവര്‍ തിക്കി തിരക്കി കയറി. ഇതോടെയാണ് ദാരുണമായ അപകടം ഉണ്ടായത്. പടികളില്‍ നിലതെറ്റി വീണവരുടെ മുകളിലേക്ക് മറ്റുള്ളവര്‍ വീണു. തിക്കിലും തിരക്കിലും പെട്ട് വീണ കുട്ടികള്‍ക്ക് ചവിട്ടേറ്റാണ് പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ ഒരാള്‍ മരിച്ചിരുന്നു. മറ്റ് മൂന്ന് പേര്‍ ആശുപത്രിയിലെത്തിയ ഉടനെ മരണമടഞ്ഞു. മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്

സംസ്ഥാനത്തെ വിവിധ കോളജുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്. നൃത്തം ചെയ്ത് ആഘോഷമായി വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ പരിപാടി ആസ്വദിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. പരിക്കേറ്റവരെല്ലാം വിദ്യാര്‍ത്ഥികളാണെന്നാണ് കരുതുന്നത്. എന്നാല്‍ പൊതുജനങ്ങള്‍ക്കടക്കം ആര്‍ക്കും ഏത് സമയത്തും വരാവുന്ന പ്രദേശമാണ് ഇവിടം. മരിച്ചവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇവരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് മെഡിക്കല്‍ കോളേജില്‍ നിന്ന് അറിയിച്ചു.

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചേര്‍ന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൂടുതല്‍ ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രികള്‍ക്കും സജ്ജമാകാന്‍ നിര്‍ദേശം നല്‍കി. മതിയായ കനിവ് 108 ആംബുലന്‍സുകള്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കി.

Advertisement