കൊച്ചി:കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് പേരുടെയും പോസ്റ്റ് മാർട്ടം ഇന്ന് നടക്കും. മരിച്ച സാറാ തോമസ്, അൻ റിഫ്ത, അതുൽ തമ്പി എന്നിവർ വിദ്യാർത്ഥികളാണ്.പാലക്കാട് മുണ്ടർ എഴക്കാട് തൈപ്പറമ്പിൽ ജോസഫിൻ്റെ മകൻ ആൽബിൻ ജോസഫാണ് മരിച്ച നാലാമൻ.
സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.
പരിക്കേറ്റവരിൽ 2 വിദ്യാത്ഥികളുടെ നില ഗുരുതരമാണ്.
2000ത്തിലേറെ കുട്ടികൾ പഠിക്കുന്നതാണ് കുസാറ്റിലെ എഞ്ചിനീയറിങ് കോളേജ്. മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇന്നലെ അവസാന ദിനം ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.
ഗാനമേള നടന്ന ഓഡിറ്റോറിയത്തിന് അകത്തും പുറത്തും വിദ്യാർത്ഥികളുടെ വലിയ തിരക്കുണ്ടായിരുന്നു. പെട്ടെന്ന് മഴ പെയ്തപ്പോൾ ഓഡിറ്റോറിയത്തിന് അകത്തേക്ക് പുറത്തുനിന്നവർ തിക്കി തിരക്കി കയറി. ഇതോടെയാണ് ദാരുണമായ അപകടം ഉണ്ടായത്. തിക്കിലും തിരക്കിലും പെട്ട് വീണ കുട്ടികൾക്ക് ചവിട്ടേറ്റാണ് പരിക്കേറ്റത്.
ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ ഒരാൾ മരിച്ചിരുന്നു. മറ്റ് മൂന്ന് പേർ ആശുപത്രിയിലെത്തിയ ഉടനെ മരണമടഞ്ഞു. മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്നലെ നൃത്തം ചെയ്ത് ആഘോഷമായി വിദ്യാർത്ഥികളടക്കമുള്ളവർ പരിപാടി ആസ്വദിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്.