വെൽവറ്റ് ശബ്ദമുള്ള പെൺകുട്ടിയെന്ന് ആരാധകർ വിശേഷിപ്പിക്കുന്ന ജനപ്രിയ ബോളിവുഡ് ഗായിക. ബംഗാളി– പഞ്ചാബി കുടുംബവേരുകളുള്ള നികിത(32)യുടെ ജനനം കൊൽക്കത്തയിൽ.
ചെന്നൈയിൽ ഡെന്റിസ്ട്രി കോഴ്സ് പഠിക്കാനെത്തി പാട്ടിലേക്കു വഴിമാറി. എ.ആർ.റഹ്മാന്റെ കെ.എം.കോളജ് ഓഫ് മ്യൂസിക്കിൽ ചേർന്നതോടെയാണ് ഗായികയായി വഴിത്തിരിവ്. 2015 ലെ ശങ്കർ ചിത്രം ‘ഐ’യിലെ ലേഡിയോ പ്രശസ്തി നേടിക്കൊടുത്തു. റഹ്‍മാന്റെ ഒട്ടേറെ പാട്ടുകളുടെ വേറിട്ട ശബ്ദമായി.
തമിഴ്, ഹിന്ദി, തെലുഗു, ബംഗാളി ഭാഷകളിൽ ഹിറ്റ് പാട്ടുകൾ. റാബ്താ, ജബ് ഹാരി മെറ്റ് സെജൾ തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. നികിതയുടെ അഞ്ചംഗ സംഗീത ബാൻഡ് കേരളത്തിലും കൊൽക്കത്തയിലും ഉൾപ്പെടെ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
“കൊച്ചിയിലെ സംഭവത്തിൽ ഹൃദയം തകർന്നുപോയി. വേദിയിലെത്താനോ പരിപാടി തുടങ്ങാനോ കഴിയും മുൻപായിരുന്നു നിർഭാഗ്യകരമായ സംഭവം. ഈ കനത്ത ദുഃഖം വിവരിക്കാൻ വാക്കുകളില്ല. വിദ്യാർഥികളുടെ കുടുംബങ്ങൾക്കൊപ്പം പ്രാർഥനയിൽ ചേരുന്നു.” – നികിത ഫെയ്സ്ബുക്കിൽ കുറിച്ചു.