തിരുവനന്തപുരം. കാര്യവട്ടത്ത് ഇന്ന് ക്രിക്കറ്റ് ആവേശം. ഇന്ത്യ-ഓസ്ട്രേലിയ ട്വൻ്റി 20 പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ന് വൈകുന്നേരം ഏഴുമണിക്ക് കാര്യവട്ടം ഗ്രീൻഫീൽഡിൽ സ്റ്റേഡിയത്തിൽ നടക്കും. മഴ ആശങ്കയിലാണ് മത്സരം നടക്കുന്നത്.
3 ട്വൻ്റി 20യും 2 ഏകദിനവും അടക്കം 5 അന്താരാഷ്ട്ര മത്സരങ്ങളാണ് കാര്യവട്ടത്ത് ഇതുവരെ നടന്നത്. പിന്നാലെ വേൾഡ് കപ്പ് സന്നാഹ മത്സരങ്ങൾക്കും കാര്യവട്ടം വേദിയായി. മത്സരങ്ങളിലെല്ലാം പൂർണ്ണമായോ ഭാഗികമായോ മഴയും കളിച്ചു. അതേ മഴ ആശങ്കയാണ് ഇന്നും കാര്യവട്ടത്തെ ആകാശത്തിനു മുകളിലുള്ളത്. എന്നാൽ മത്സരം തുടങ്ങുന്നതിന് അരമണിക്കൂർ മുൻപ് മഴ മാറി നിന്നാലും ഗ്രൗണ്ട് സജ്ജമാക്കാൻ കഴിയും. അതിനാൽ കാര്യവട്ടത്ത് കളിയാവേശം നിറയുമെന്ന് ഉറപ്പാണ്. റണ്ണൊഴുകുന്ന ബാറ്റിംഗ് ട്രാക്കാണ് കാര്യവട്ടത്ത് ഒരുക്കിയിരിക്കുന്നത്. സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ വെടിക്കെട്ട് വീരന്മാരുടെ റൺസ് കാര്യവട്ടത്ത് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്നലെ ഇരു ടീമുകളും ഗ്രൗണ്ടിൽ പരിശീലനത്തിന് ഇറങ്ങി. ടിക്കറ്റ് വിൽപ്പന മന്ദഗതിയിലാണ്. എന്നാൽ ഇന്ന് കൂടുതൽ ടിക്കറ്റ് വിറ്റ് പോകും എന്നാണ് കെ.സി.എ യുടെ പ്രതീക്ഷ. 5 മത്സരങ്ങൾ അടങ്ങിയ ട്വൻറി 20 പരമ്പരയിൽ ഇന്ത്യ 1-0 ത്തിന് മുന്നിലാണ്.