കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടി 20 ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് ഇന്ന് രാത്രി 11 മണി വരെ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി പോലീസ്. ആറ്റിങ്ങലില്‍ നിന്ന് ശ്രീകാര്യത്തേക്ക് വരുന്ന വലിയ വാഹനങ്ങള്‍ വെട്ടുറോഡ്-ചന്തവിള-കാട്ടായിക്കോണം-ചേങ്കോട്ടുകോണം-ചെമ്പഴന്തി – ശ്രീകാര്യം വഴി പോകണം. ഇതേ പാതയിലൂടെ വരുന്ന ചെറിയ വാഹനങ്ങള്‍ കഴക്കൂട്ടം ബൈപ്പാസ് റോഡിലൂടെ വന്ന് മുക്കോലയ്ക്കല്‍-കുളത്തൂര്‍-മണ്‍വിള – ചാവടിമുക്ക് വഴി പോകണമെന്ന് പൊലീസ് നിര്‍ദേശിച്ചു.
കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങള്‍ ചാവടിമുക്കില്‍നിന്ന് തിരിഞ്ഞ് എന്‍ജിനിയറിംഗ് കോളേജ് – മണ്‍വിള – കുളത്തൂര്‍ – മുക്കോലയ്ക്കല്‍ വഴി പോകേണ്ടതാണ്. തിരുവനന്തപുരത്തുനിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ ഉള്ളൂരില്‍നിന്ന് തിരിഞ്ഞ് ആക്കുളം വഴി കുഴിവിള ബൈപ്പാസിലെത്തി പോകേണ്ടതാണെന്നും കേരള പൊലീസ് അറിയിച്ചു. ഗതാഗതക്രമീകരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍: 9497930055, 9497987001 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.