സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഒരു ജില്ലയിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ മലയോര മേഖലകളിലടക്കം അപ്രതീക്ഷിത മഴ ലഭിക്കാനും സാധ്യതയുണ്ട്. തെക്കൻ തായ്ലൻഡിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. നാളെയോടെ ഇത് ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ ഇരുപത്തിയൊൻപതോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള ,കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.