ഗുല്‍മോഹര്‍ പൂക്കളാല്‍ ചുവന്നുകിടന്ന മേലാറ്റൂരിന്റെ ഭംഗി നഷ്ടപ്പെടുമോ?

Advertisement

കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന സൂപ്പര്‍ഹിറ്റ് സിനിമ കണ്ടവരാരും മഞ്ഞു പെയ്യുന്ന കൃഷ്ണഗുഡിയും ഹരിതാഭമായ റെയില്‍പാതയും മറക്കില്ല. കൃഷ്ണഗുഡി സാങ്കല്‍പ്പിക ഗ്രാമമാണ്. എന്നാല്‍ റെയില്‍പാത നിലമ്പൂര്‍-ഷൊര്‍ണൂര്‍ റൂട്ടാണ്. തേക്കിന്‍കാടും പുഴകളും പാടവും മലകളും പിന്നിട്ട് കൂകിപ്പായുന്ന ട്രെയിന്‍ യാത്രയുടെ മനോഹാരിത. പക്ഷേ, ഇത് മായുകയാണ്.
പാത വൈദ്യുതീകരണത്തിനായി 5000 മരങ്ങള്‍ മുറിക്കും. വൈദ്യുതി തൂണുകള്‍ സ്ഥാപിച്ചു തുടങ്ങി. 1,300 തൂണുകളാണ് വേണ്ടത്. 90 കോടിയുടെ പദ്ധതി 2024 മാര്‍ച്ചോടെ പൂര്‍ത്തിയാക്കും. ട്രാക്ഷന്‍ സബ് സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ മേലാറ്റൂര്‍ സ്റ്റേഷനിലെ മരങ്ങളെല്ലാം മുറിച്ചു.
ഗുല്‍മോഹര്‍ പൂക്കളാല്‍ ചുവന്നുകിടന്ന മേലാറ്റൂരിന്റെ ഭംഗി കേന്ദ്ര റെയില്‍വേ മന്ത്രി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് വൈറലായിരുന്നു. പാതയുടെ മനോഹാരിത നിലനിറുത്തണമെന്ന് വിവിധ സംഘടനകള്‍ റെയില്‍വേയ്ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍, നാദിയ കൊല്ലപ്പെട്ട രാത്രി സിനിമകളുടെ പ്രധാനഭാഗങ്ങള്‍ ചിത്രീകരിച്ചതും ഈ പാതയിലാണ്.
66 കിലോമീറ്ററും 12 സ്റ്റേഷനുകളുമുള്ള പാതയില്‍ ഇപ്പോള്‍ ഡീസല്‍ ട്രെയിനുകളാണ്. ഇലക്ട്രിക് ട്രെയിന്‍ വരുമ്പോള്‍ ഇന്ധനച്ചെലവ് 40% കുറയും. 1.35 മണിക്കൂര്‍ യാത്രാസമയം ഒരു മണിക്കൂര്‍ മുതല്‍ 1.10 വരെയായി കുറയും. മെമു ഓടിക്കാനും ആലോചനയുണ്ട്. നിര്‍ദ്ദിഷ്ട നിലമ്പൂര്‍നഞ്ചങ്കോട് പാതയ്ക്കും വൈദ്യുതീകരണം സഹായകമാവും. നിലവില്‍ രാജ്യറാണി എക്സ്പ്രസ് ഉള്‍പ്പെടെ ഏഴ് ട്രെയിനുകളുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 22.4 ലക്ഷം യാത്രക്കാരിലൂടെ 15.19 കോടിയാണ് വരുമാനം.
1927ലാണ് പാത നിര്‍മ്മിച്ചത്. മലബാര്‍ കലാപത്തില്‍ റോഡുകള്‍ തകര്‍ത്തിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ പട്ടാളക്കാരെ എത്തിക്കാനാണ് പാത നിര്‍മ്മിച്ചതെന്നും അതല്ല, നിലമ്പൂര്‍ തേക്ക് കടത്താനായിരുന്നെന്നും വാദമുണ്ട്. രണ്ടാംലോക മഹായുദ്ധകാലത്ത് ഇരുമ്പിന് ക്ഷാമം വന്നപ്പോള്‍ പാളങ്ങള്‍ പൊളിച്ചു കൊണ്ടുപോയി. 1954ലാണ് പിന്നീട് ട്രെയിന്‍ ഓടിയത്.

Advertisement