വിധി വീണ്ടും വിഷപ്പല്ലുകളാഴ്ത്തി, സാറയോടൊപ്പം മണ്ണടിയുന്നത് പാവം കുടുംബത്തിന്‍റെ പ്രതീക്ഷ

Advertisement

താമരശ്ശേരി. വിധിവീണ്ടും ആഞ്ഞുകൊത്തുമെന്ന് സാറ തോമസിന്റെ കുടുംബം കരുതിയില്ല.സാറയുടെ പിതാവ് തോമസ് പാമ്പു കടിയേറ്റ് ദീർഘ നാളായി ചികിത്സയിൽ ആയിരുന്നു. പിതാവ് ആരോഗ്യം വീണ്ടെടുത്ത് വരുന്നതിനിടെയാണ് സാറയുടെ മരണം. സ്വന്തം വീടില്ലാത്ത കുടുംബം ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നത്. ദുരന്തം വിശ്വസിക്കാനാകുന്നില്ല കോഴിക്കോട് – താമരശ്ശേരിയിലെ കുടുംബത്തിനും നാട്ടുകാർക്കും. പഠനത്തിനൊപ്പം കലാ -കായിക മേഖലയിലും മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥിനിയായിരുന്നു സാറ.

കുസാറ്റിലുണ്ടായ അപകടത്തിൽ പൊലിഞ്ഞവരിൽ താമരശ്ശേരി കോരങ്ങാട് സ്വദേശികളായ തോമസ് -കൊച്ചുറാണി ദമ്പതികളുടെ മകൾ ഉണ്ടെന്ന് വാർത്തയിലൂടെയാണ് ബന്ധുക്കളും നാട്ടുകാരും അറിഞ്ഞത്. അത് ശരിയാവരുതെന്ന് പ്രാർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. തോമസ് -കൊച്ചുറാണി ദമ്പതികളുടെ മൂന്ന് പെൺ മക്കളിൽ നടുവിലെ കുട്ടിയാണ് സാറ . നല്ലപ്രതീക്ഷയായിരുന്നു സാറയില്‍ വീട്ടുകാര്‍ക്ക്. ഏറെ പരുക്കുകളോടെ മുഖം തിരിച്ചറിയാത്തവിധമായിരുന്നു സാറയുടെ മൃതദേഹം.

ഓമനയായ ചെറുമകളുടെ മരണ വിവരം അറിയാതെ കാത്തിരിക്കുകയാണ് 95 കാരിയായ മുത്തശ്ശി. നാളെ രാവിലെ ഒമ്പതിന് താമരശ്ശേരി-ഈങ്ങാപ്പുഴ ഓർത്തഡോക്സ് വലിയ പള്ളിയിലാണ് സാറയുടെ സംസ്കാരം.

Advertisement