മലപ്പുറം.നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന പര്യടനം മലപ്പുറം ജില്ലയിൽ പ്രവേശിച്ചു. ഒൻപത് മണിക്ക് തിരൂർ ബിയാൻകോ കാസിലിൽ നടക്കുന്ന പ്രഭാത സദസ്സോടെയാണ് ജില്ലയിലെ പരിപാടികൾക്ക് തുടക്കമാവുക. പ്രഭാത സദസ്സിന് ശേഷം മാധ്യമങ്ങളെ കാണുന്ന മുഖ്യമന്ത്രി , പതിനൊന്ന് മണിയോടെ ജില്ലയിലെ ആദ്യ നവകേരള സദസിനായി പൊന്നാനിയിലേക്ക് തിരിക്കും. വൈകീട്ട് മൂന്നിന് തവനൂർ, 4.30 ന് തിരൂർ, ആറിന് താനൂർ എന്നിങ്ങനെയാണ് നവകേരള സദസ്സിന്റെ സമയക്രമം. 16മണ്ഡലങ്ങളിലെ പരിപാടികൾക്കായി ഈ മാസം 30 വരെ മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലുണ്ടാവും. യൂത്ത് കോൺഗ്രസിന്റെയും യൂത്ത് ലീഗിന്റെയും പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വൻ സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്.