കൊച്ചി. ലിസി ആശുപത്രിയിൽ ഹൃദയ മാറ്റ ശസ്ത്രക്രിയ നടത്തിയ 16 വയസുകാരൻ ഹരിനാരായണൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നു. ഹരി നാരായണന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. കന്യാകുമാരി സ്വദേശി സെൽവിൻ ശേഖരന്റെ ഹൃദയമാണ് ഹരിനാരായണനിൽ മാറ്റിവച്ചത്.
സെൽവിന്റെ ഹൃദയം ഹരിനാരായണന് വേണ്ടി തുടിച്ചു തുടങ്ങിയിട്ട് രണ്ട് ദിവസം പിന്നിടുകയാണ്. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഹരിനാരായണനെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയെന്നും ഭക്ഷണം കൊടുത്തു തുടങ്ങിയെന്നും ഡോക്ടർമാർ അറിയിച്ചു. തീവ്രപരിചണ വിഭാഗത്തിൽ തുടരുന്ന ഹരിനാരായണന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. ജോസ് ചാക്കോ പെരിയപുരം പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള തീവ്ര നിരീക്ഷണം തുടരുകയാണ്. ശനിയാഴ്ച പകൽ 11.15 നാണ് തിരുവനന്തപുരത്തെ ആശുപത്രിയിൽ നിന്നും സെൽവിന്റെ ഹൃദയം കൊച്ചിയിൽ എയർ ആംബുലൻസിൽ എത്തിച്ചത്. മരണം സംഭവിച്ച് 24 മണിക്കൂറിനകം തന്നെ ഹൃദയമാറ്റം പൂർത്തിയാക്കിയിരുന്നു. നിർണായകമായ 48 മണിക്കൂർ നിരീക്ഷണത്തിനിടെയാണ് ഹരിനാരായണൻ സുഖം പ്രാപിക്കുന്നതായുള്ള ആശ്വാസ വാർത്ത.