വാർത്താനോട്ടം

Advertisement

2023 നവംബർ 27 തിങ്കൾ

BREAKING NEWS

👉 ആലപ്പുഴ നൂറനാട് മറ്റപ്പള്ളിയിലെ കുന്നിടിക്കൽ ഇന്ന് രാവിലെ 5 മണി മുതൽ പുന:രാരംഭിച്ചു.

👉മണ്ണ് കയറ്റി കൊണ്ട് പോകുന്ന ലോറികൾ സമര സമിതിയുടെ നേതൃത്വത്തിൽ തടയുന്നു.

👉 മണ്ണെടുപ്പ് തടയാൻ നാട്ടുകാർക്കൊപ്പം ചേർന്ന് റാന്നി എംഎൽഎ പ്രമോദ് നാരായണനും മറ്റപ്പള്ളിയിലെത്തി

👉സംഭവം അറിഞ്ഞ് നാട്ടുകാർ പ്രദേശത്ത് സംഘടിച്ചു കൊണ്ടിരിക്കുന്നു.

👉കോടതി ഉത്തരവ് നിലവിലുള്ളത് കൊണ്ടാണ് മണ്ണെടുക്കുന്നതെന്ന് മന്ത്രി പി.പ്രസാദ്

👉കുസാറ്റ് ദുരന്തം: അകാലത്തിൽ പൊലിഞ്ഞവർക്ക് സ്മരണാഞ്ജലി; രാവിലെ 10.30 ന് അനുസ്മരണ യോഗം;2 വിദ്യാർത്ഥിനികളുടെ നില ഗുരുതരമായി തുടരുന്നു.

👉അമേരിക്കയിൽ വീണ്ടും വിദ്യാർത്ഥികൾക്ക് നേരെ വെടിവെയ്പ്പ്; 3 പേർക്ക് പരിക്ക്

🌴 കേരളീയം 🌴

🙏അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴക്കു സാധ്യത. തെക്കന്‍ തായ്‌ലന്‍ഡിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. നാളെ ഇത് തെക്കന്‍ ആന്‍ഡമാന്‍ കടലിനും തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കും.

🙏ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് കാര്യേജായി ഉപയോഗിക്കുന്നത് ഹൈക്കോടതി വിലക്കി. ഇത്തരം വാഹനങ്ങള്‍ പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ പിഴ ചുമത്താമെന്നും കോടതി ഉത്തരവിട്ടു.

🙏കുസാറ്റ് ദുരന്തത്തില്‍ മരിച്ച സഹപാഠികള്‍ക്കു ഏങ്ങലടിച്ച് കണ്ണീരോടെ യാത്രാമൊഴിയേകി സഹപാഠികളും അധ്യാപകരും. പൊതുദര്‍ശനത്തിനായി സഹപാഠികളുടെ ചേതനയറ്റ ശരീരം വീണ്ടും കുസാറ്റില്‍ എത്തിച്ചപ്പോള്‍ അതിവൈകാരിക രംഗങ്ങള്‍ക്കാണ് ക്യാമ്പസ് സാക്ഷിയായത്. പൊതുദര്‍ശനത്തിനായി ആദ്യമെത്തിച്ചത് സാറാ തോമസിന്റെ മൃതദേഹമായിരുന്നു. പിന്നാലെ ആന്‍ റുഫ്തയുടെയും അതുല്‍ തമ്പിയുടേയും മൃതദേഹങ്ങള്‍ ക്യാംപസിലെത്തിച്ചു.

🙏പാക്കിസ്ഥാന്റെ പിന്തുണയുള്ള ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. കേരളത്തിലടക്കം നാലു സംസ്ഥാനങ്ങളിലാണു റെയ്ഡ് നടത്തിയത്. കേരളത്തില്‍ കോഴിക്കോടായിരുന്നു പരിശോധന.

🙏നാലു പേരുടെ മരണത്തിനിടയാക്കിയ കുസാറ്റ് ദുരന്തത്തിന്റ ഉത്തരവാദിത്വം വൈസ് ചാന്‍സലര്‍ക്കാണെന്നും വിസിക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കളമശ്ശേരി പൊലീസില്‍ പരാതി.

🙏കുസാറ്റ് ദുരന്തത്തില്‍ മരിച്ച നാലുപേരും നെഞ്ചില്‍ ചവിട്ടേറ്റ് ശ്വാസംമുട്ടിയാണു മരിച്ചതെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശത്തിന് ഗുരുതരമായ ക്ഷതമേറ്റതിനാലാണു ശ്വാസതടസം ഉണ്ടായത്. നാലു പേരുടേയും കഴുത്തിലും നെഞ്ചിലും പരിക്കുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

🙏കുസാറ്റ് ദുരന്ത പ്രദേശത്തെ ഗേറ്റ് തുറന്നതോടെ ആളുകള്‍ കൂട്ടത്തോടെ ആംഫി തിയേറ്ററിലേക്ക് ഇരച്ചുകയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആംഫി തിയേറ്ററിനകത്തു നേരത്തെ കയറി ഒഴിഞ്ഞ സ്ഥലത്തുനിന്ന് ഒരു വിദ്യാര്‍ത്ഥി പകര്‍ത്തിയ വീഡിയോയാണു പ്രചരിക്കുന്നത്.

🙏റോബിന്‍ ബസിന്റെ നടത്തിപ്പുകാരന്‍ ഗിരീഷിന് കോടതി ജാമ്യം അനുവദിച്ചു. വണ്ടിച്ചെക്കു കേസിലാണ് പൊലീസ് ഗിരീഷിനെ അറസ്റ്റു ചെയ്തത്. 2011 മുതല്‍ കൊച്ചിയിലെ കോടതിയില്‍ നിലവിലുള്ള കേസില്‍ വാറണ്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

🙏ബസ് യാത്രക്കിടെ യുവതിയെ ശല്യം ചെയ്ത പോലീസുകാരന്‍ അറസ്റ്റില്‍. കോട്ടയം പെരുവന്താനം പോലീസ് സ്റ്റേഷനിലെ അജാസ്മോന്‍ (35) ആണു പിടിയിലായത്.

🙏പ്രമുഖ ശിശുരോഗ വിദഗ്ധനും വെല്ലൂര്‍ മെഡിക്കല്‍ കോളജിലെ പീഡിയാട്രിക് വിഭാഗം പ്രഫസറുമായ കണ്ടത്തില്‍ ഡോ. കെ.സി. മാമ്മന്‍ കോട്ടയത്ത് അന്തരിച്ചു. 93 വയസായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച കഞ്ഞിക്കുഴി പുത്തന്‍പള്ളിയില്‍.

🙏നവകേരള സദസില്‍ പങ്കെടുത്ത പ്രാദേശിക നേതാക്കളെ കോണ്‍ഗ്രസും മുസ്ലിം ലീഗും പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡു ചെയ്തു. എന്‍ അബൂബക്കറിനെ (പെരുവയല്‍) കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍ അറിയിച്ചു. ലീഗ് നേതാവ് മൊയ്തു മുട്ടായി, മുസ്ലിം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം സെക്രട്ടറി യു.കെ ഹുസൈന്‍ എന്നിവരെ മുസ്ലിം ലീഗും സസ്പെന്‍ഡ് ചെയ്തു.

🙏എറണാകുളം ജനറല്‍ ആശുപത്രിയിലെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം. വൃക്ക നല്‍കിയ 50 വയസുള്ള അമ്മയും സ്വീകരിച്ച 28 വയസുള്ള മകനും സുഖമായിരിക്കുന്നു. രാജ്യത്തെ ആരോഗ്യ മേഖലയിലെ ഒരു ചരിത്ര സന്ദര്‍ഭമാണിതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

🇳🇪 ദേശീയം 🇳🇪

🙏ഉത്തരാഖണ്ഡില്‍ തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തുകൊണ്ടുവരാന്‍ മലമുകളില്‍നിന്നു താഴേക്കു കുഴിക്കാന്‍ ആരംഭിച്ചു. 90 മീറ്റര്‍ താഴെയുള്ള തുരങ്കത്തിലെത്താന്‍ നാലു ദിവസം വേണ്ടിവരും. പാറ കൂടുതലാണെങ്കില്‍ കൂടുതല്‍ വൈകും. അതേസമയം, അവശിഷ്ടങ്ങള്‍ക്കിടയിലൂടെ രക്ഷാകുഴല്‍ സ്ഥാപിക്കാനുള്ള തുരക്കലും തുടരുന്നുണ്ട്.

🙏ക്രിസ്മസിന് വിമാന ടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. നവംബര്‍ 30 വരെ ഇപ്പോഴത്തെ ഓഫര്‍ പ്രയോജനപ്പെടുത്തി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഡിസംബര്‍ രണ്ടു മുതല്‍ മേയ് 30 വരെയുള്ള യാത്രകള്‍ക്കായി ഓഫര്‍ പ്രയോജനപ്പെടുത്തി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

🙏ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ പ്രവേശനം അനുവദിക്കുമെന്നു മലേഷ്യ. ഡിസംബര്‍ ഒന്നു മുതല്‍ ഇന്ത്യക്കാര്‍ക്ക് മലേഷ്യയില്‍ പ്രവേശിക്കാന്‍ വിസയുടെ ആവശ്യമില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം അറിയിച്ചു. തായ്ലന്‍ഡും ശ്രീലങ്കയും ഇന്ത്യക്കാര്‍ക്കു വിസ ഒഴിവാക്കിയിരുന്നു.

🙏കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലേക്ക്. വ്യാഴാഴ്ച യുഎഇയിലെത്തുന്ന നരേന്ദ്ര മോദി വെള്ളിയാഴ്ച മടങ്ങും. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തില്‍ അറബ് നേതാക്കളുമായി ചര്‍ച്ച നടക്കും.

🙏ബീഹാറിലെ മുസഫര്‍പൂറില്‍ മൂന്നു വയസുകാരിയെ പീഡിപ്പിച്ചശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ഇരുപതുകാരനെ അറസ്റ്റു ചെയ്തു. രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിന് ലാല്‍ ബാബു എന്നയാളെയാണ് അറസ്റ്റു ചെയ്തത്.

🇦🇽 അന്തർദേശീയം 🇦🇺 ‘

🙏ഗാസയിലെ ജനങ്ങള്‍ക്ക് സഹായവുമായി സൗദി അറേബ്യയയുടെ രണ്ടാമത്തെ കപ്പല്‍. 58 കണ്ടെയ്നറുകളായി 890 ടണ്‍ വസ്തുക്കളാണ് ഗാസയിലേക്കു കൊണ്ടുപോകുന്നത്. 21 കണ്ടെയ്‌നറുകള്‍ മെഡിക്കല്‍ സാമഗ്രികളാണ്. 587 ടണ്‍ പാല്‍, വിവിധ ഭക്ഷ്യവസ്തുക്കള്‍ വഹിക്കുന്ന 37 കണ്ടെയ്നറുകളുമുണ്ട്.

🏏 കായികം 🏏

🙏തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തിലും ഇന്ത്യക്ക് 44 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.

🙏ഇന്ത്യ ഉയര്‍ത്തിയ 236 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് ഇന്നിംഗ്സ് 20 ഓവറില്‍ ഒമ്പതിന് 191 ല്‍ അവസാനിച്ചു. യശസ്വി ജെയ്‌സ്വാള്‍ (53), ഇഷാന്‍ കിഷന്‍ (52), റുതുരാജ് ഗെയ്കവാദ് (58), റിങ്കു സിംഗ് (9 പന്തില്‍ പുറത്താവാതെ 31) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

🙏 ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2 – 0 ത്തിന് മുന്നിലെത്തി. പരമ്പരയിലെ മൂന്നാം മല്‍സരം നാളെ ഗോഹട്ടിയില്‍.

Advertisement