കൊച്ചി.കുസാറ്റ് ദുരന്തത്തിൽ അപകടത്തിൽപ്പെട്ട ചികിത്സയിൽ കഴിയുന്ന രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നു.ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യനിലയിലാണ് മാറ്റമില്ലാതെ തുടരുന്നത്.വിവിധ ആശുപത്രികളിലായി നിലവിൽ 42 പേരാണ് ചികിത്സയിൽ കഴിയുന്നത്.ഇവരിൽ ഭൂരിഭാഗം പേരെയും ഇന്ന് ആശുപത്രിയിൽ നിന്ന് വിടുതൽ ചെയ്യുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ നിലവിൽ ചികിത്സയിൽ കഴിയുന്നത്.
കുസാറ്റ് ദുരന്തത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ് .ഫോറൻസിക് തെളിവുകൾ ശേഖരിച്ചതിന് പുറമെ കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും മൊഴിയെടുക്കാനാണ് പോലീസിന്റെ നീക്കം.പരിക്കേറ്റ കുട്ടികൾ മാനസിക ആഘാതത്തിൽ നിന്ന് മോചിതരായാൽ ഉടൻ മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെയും ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ അപകടം നടന്ന സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി. ആളുകൾ കൂടുന്നയിടത്ത് കൂടുതൽ ജാഗ്രത വേണം എന്നും കുടുംബത്തിന് സഹായം നൽകുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.പരിപാടിക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് എൻജിനീയറിങ് കോളേജിലെ പ്രിൻസിപ്പൽ കത്ത് നൽകിയിരുന്നു എന്ന കാര്യത്തിൽ മറുപടി നൽകാതെ വിസി ഒഴിഞ്ഞുമാറി.അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കുസാറ്റിൽ ഇന്ന് അനുസ്മരണയോഗം നടന്നു.
നാലുപേരുടെ മരണത്തിനിടയാക്കിയ കുസാറ്റിലെ ദുരന്തത്തിന് പിന്നാലെയാണ് കുട്ടികളുടെ അടക്കം മൊഴി രേഖപ്പെടുത്തി അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ പോലീസ് തയ്യാറെടുപ്പ് നടത്തിയത്.ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് കുട്ടികൾ മോചിതരാകാത്തതിനാൽ അവരുടെ മൊഴി പിന്നീട് രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.അധ്യാപകരുടെയും സംഘാടകസമിതിയിലെ മറ്റ് ജീവനക്കാരുടെയും മൊഴി പോലീസ് ഉടൻ രേഖപ്പെടുത്തും.കുസാറ്റിൽ മരണമടഞ്ഞ നാല് വിദ്യാർഥികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഇന്ന് യൂണിവേഴ്സിറ്റിയിൽ അനുസ്മരണയോഗം നടന്നു. എന്നാൽ സംഗീത പരിപാടിക്ക് പോലീസ് സുരക്ഷ തേടിക്കൊണ്ട് എൻജിനീയറിങ് കോളേജിലെ പ്രിൻസിപ്പൽ യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നു എന്ന് വെളിപ്പെട്ടു.അപകടത്തിന് തലേദിവസം രജിസ്ട്രാര്‍ക്ക് നല്‍കിയ കത്ത് പൊലീസിലെത്തിയില്ല എന്നാണ് കരുതുന്നത്. എന്നാല്‍ അതിന് എന്തുസംഭവിച്ചു എന്ന കാര്യത്തിൽ പ്രതികരിക്കാൻ വൈസ് ചാൻസിലർ തയ്യാറായിട്ടില്ല.
അതേസമയം അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സഹായം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി.
കേസിൽ പോലീസിന്റെ അന്വേഷണത്തിന് പുറമേ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് സമിതിയുടെ അന്വേഷണവും തുടരുകയാണ്