തിരുവനന്തപുരം: ബജറ്റ് ടൂറിസത്തിനായി ആദ്യമായി രണ്ട് ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് വാങ്ങി കെഎസ്ആർടിസി. മുംബൈ നഗരം കഴിഞ്ഞാൽ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ്സുള്ള നഗരമാകും തിരുവനന്തപുരം.
കേന്ദ്രസർക്കാരിന്റെ സ്മാർട്സിറ്റി പദ്ധതിയിൽ നാല് കോടി ചെലവാക്കിയാണ് ലെയ്‌ലൻഡ് കമ്പനിയുടെ ഇലക്ട്രിക് ഡബിൾ ഡക്കർ വാങ്ങിയത്. ജനുവരിയിൽ സർവീസ് തുടങ്ങും. സാധാരണ ഡബിൾ ഡക്കർ ബസ് നഗരത്തിൽ സർവീസ് നടത്തുന്നുണ്ട്. ഇതിൽ സഞ്ചാരികളുടെ തിരക്കാണ്.
കേന്ദ്രസർക്കാരിന്റെ തിരുവനന്തപുരം സ്മാർട് സിറ്റി പദ്ധതിയിൽ വരുന്ന 113 ഇലക്ട്രിക് ബസുകളിൽ ലഭിക്കാനുള്ള 50 ഇലക്ട്രിക് ബസുകൾ ഡിസംബർ അവസാനത്തോടെ എത്തിച്ചേരും. ആദ്യഘട്ടം 19 ബസുകൾ ഈയാഴ്ച എത്തുമെന്നാണ് കമ്പനി അധികൃതർ അറിയിച്ചിട്ടുള്ളത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 50 ഇലക്ട്രിക് ബസുകളും സ്മാർട്സിറ്റി പദ്ധതി ബസുകളുമായി 163 ഇലക്ട്രിക് ബസുകളാണ് ഇതോടെ തലസ്ഥാന നഗരത്തിൽ ഓടുക. നഗര യാത്രയ്ക്ക് 10 രൂപ മാത്രം ഈടാക്കുന്ന ഇലക്ട്രിക് ബസ് സർവീസുകൾ ലാഭത്തിലാണ്.
പ്രധാനമന്ത്രിയുടെ ഇ–ബസ് സേവാ സ്കീമിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട 950 ഇലക്ട്രിക് ബസുകളുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനം വൈകുകയാണ്. വിശദമായ പദ്ധതി റിപ്പോർട്ട് സംസ്ഥാന സർക്കാർ നൽകിയിട്ടില്ല. കേരളത്തിലെ 10 നഗരങ്ങളിലേക്കാണ് ബസുകൾ അനുവദിച്ചത്. ഡ്രൈവർ ഉൾപ്പെടെയാണ് ഇവ ലഭിക്കുക. കണ്ടക്ടറെ കെഎസ്ആർടിസി നിയമിക്കണം. ചാർജിങ് സ്റ്റേഷനുകളും കേന്ദ്രം നൽകും