പെൺകുട്ടികൾക്ക് വെറും 100 രൂപയ്ക്ക് സുരക്ഷിതമായി രാത്രി തങ്ങാൻ ഒരിടം

Advertisement

കൊച്ചി: ഇൻഫോപാർക്കും ഒട്ടേറെ സ്ഥാപനങ്ങളും വ്യവസായങ്ങളുമെല്ലാമുള്ള കൊച്ചിയിലേക്ക് ജോലിക്കായും മറ്റും യാത്ര ചെയ്യുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.

ഒരു ദിവസം രാത്രി തങ്ങാൻ സ്ത്രീകൾക്കു വളരെ സുരക്ഷിതമായി തിരഞ്ഞെടുക്കാവുന്ന ഒരിടമുണ്ട്‌. അതാണ്‌, കൊച്ചി കോർപ്പറേഷൻറെ നൂതന സംരംഭമായ ഷീ ലോഡ്ജ്. വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്ന സ്ത്രീകൾക്കും ഒറ്റയ്ക്കും കൂട്ടമായും യാത്ര ചെയ്യുന്നവർക്കും നാമമാത്രമായ ചിലവിൽ തങ്ങാവുന്ന ഇടമാണ് ഷീ ലോഡ്ജ്. 96 മുറികൾ, രണ്ട് ഡോർമിറ്ററികൾ എന്നിങ്ങനെ വിപുലമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. 24 മണിക്കൂറും സുരക്ഷാ സേവനം, ലൈബ്രറി, തടസ്സമില്ലാത്ത വൈദ്യുതി, ജലവിതരണം തുടങ്ങിയ സൗകര്യങ്ങളുണ്ട്‌. മിക്ക ദിവസങ്ങളിലും മുറികൾ മുഴുവനും ബുക്ക് ചെയ്തിരിക്കും, വാരാന്ത്യങ്ങളിൽ പ്രത്യേകിച്ചും. ഒരു ദിവസം 192 പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്.

ഡോർമിറ്ററി പ്രതിദിനം 100 രൂപ, സിംഗിൾ റൂം 200 രൂപ, രണ്ടുപേർക്കുള്ള ഡബിൾ റൂം പ്രതിദിനം 350 രൂപ എന്നിങ്ങനെയാണ് നിരക്ക്. പ്രവേശന സമയം രാവിലെ 6 മുതൽ രാത്രി 9 വരെയാണ്, തിരിച്ചറിയൽ രേഖയുമായി എത്തുന്ന എല്ലാ സ്ത്രീകൾക്കും ഇവിടെ തങ്ങാം. ഓൺലൈൻ, ഓഫ്‌ലൈൻ ബുക്കിംഗ് ഓപ്‌ഷനുകളുണ്ട്.

എറണാകുളം നോർത്ത് പരമാര റോഡിൽ 10 രൂപ മുതൽ ഭക്ഷണം ലഭിക്കുന്ന കുടുംബശ്രീയുടെ സമൃദ്ധി @കൊച്ചി എന്ന ഹോട്ടലിന് സമീപമാണ് ഷീ ലോഡ്ജ്. എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷൻ, ടൗൺഹാൾ മെട്രോ സ്റ്റേഷൻ, നോർത്ത് ബസ് സ്റ്റോപ്പ് എന്നിവിടങ്ങളിൽ നിന്ന് ഇവിടേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും. ഭക്ഷണം നിലവിൽ നൽകുന്നില്ലെങ്കിലും അടുത്തുള്ള ഹോട്ടലിൽ നിന്നും വളരെ എളുപ്പത്തിൽത്തന്നെ ലഭ്യമാക്കാം.

നഗരസഭയുടെ ഉടമസ്ഥതയിലുള്ള ലിബ്ര ഹോട്ടൽ നവീകരിച്ചാണ് ഷീ ലോഡ്ജ് സ്ഥാപിച്ചത്. 2017ൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും 2020ൽ പുതിയ കൗൺസിൽ അധികാരമേറ്റതോടെ പ്രവൃത്തി വേഗത്തിലായി.2020-21ലെ ജനകീയ പദ്ധതി പദ്ധതി ഫണ്ടിൽ നിന്ന് 5.54 കോടി അനുവദിച്ചെങ്കിലും 3.54 കോടി രൂപ ചെലവിലാണ് പണി പൂർത്തിയാക്കിയത്.

കഴിഞ്ഞ വർഷം നവംബറിൽ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തെങ്കിലും, വനിതാ ദിനമായ മാർച്ച് 8എട്ടിനാണ് ഷീ ലോഡ്ജ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ആരംഭിച്ച് ആറ് മാസത്തിനുള്ളിൽ 2500 ലധികം സ്ത്രീകൾ ഈ സേവനം പ്രയോജനപ്പെടുത്തി.

Advertisement