ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലിസിന് നിർണായക വിവരങ്ങൾ ലഭിച്ചുവെന്ന് സൂചന. എന്നാൽ അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.5 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ച ഫോൺ നമ്പറിനെകുറിച്ച് പൊലീസിന് വിവരം ലഭിച്ചു കഴിഞ്ഞു. ആദ്യം വിളിച്ചത് പാരിപ്പള്ളിക്ക് സമീപം ഒരു കടയിലെ സ്ത്രീയുടെ മൊബൈല്‍ വാങ്ങിയാണെന്ന് കണ്ടെത്തി. ഇവരോട് സാധനം വാങ്ങാന്‍ കടയിലെത്തിയ സ്ത്രീ വീട്ടിലേക്ക് ഒന്നുവിളിക്കാനായി ഫോണ്‍ ചോദിച്ചുവെന്നാണ് പറയുന്നത്. ഒപ്പമുണ്ടായിരുന്ന പുരുഷന്‍ കേക്ക്,റസ്ക്,തേങ്ങ എന്നിവ വാങ്ങിയതായി പറയുന്നു. പിന്നീട് പൊലീസ് അന്വേഷിച്ച് എത്തിയപ്പോഴാണ് കടയുടമ സംഭവം അറിയുന്നത്.
പിന്നീട് വീട്ടിലേക്കു വിളിച്ച് പത്തുലക്ഷം രൂപയായി മോചനദ്രവ്യം ഉയര്‍ത്തിയതായി വിവരം പുറത്തുവന്നു. നാളെ രാവിലെ പത്തുമണിക്ക് പണം റെഡിയാക്കാനാണ് സ്ത്രീ ശബ്ദത്തില്‍ വന്ന നിര്‍ദ്ദേശം. കുട്ടി സുരക്ഷിതയായിരിക്കും എന്നാണ് ഇവര്‍പറയുന്നത്. ഈ ഫോണ്‍ കോള്‍ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ കാര്‍ സ്വിഫ്റ്റ് ഡിസയര്‍ ആണെന്ന് സൂചനയുണ്ട്.
വീടിന്‍റെ മൂന്നു വീടിന് അപ്പുറം ട്യൂഷന് പോയ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം കേരളത്തെ ഞെട്ടിച്ചിരിക്കയാണ്..കേരളം മുഴുവന്‍ ജാഗ്രതയിലാണ് പൊലീസ് സമീപകാലത്തൊന്നും കാണാത്ത തരത്തില്‍ അന്വേഷണം നടത്തുന്നു. ശുഭവാർത്തയ്ക്കായി കാതോർത്തിരിക്കുകയാണ് കേരളം.