കേരളവർമ കോളജ് തിരഞ്ഞെടുപ്പ് എസ്എഫ്ഐക്ക് തിരിച്ചടി: റീക്കൗണ്ടിങ്ങിന് ഉത്തരവിട്ട് ഹൈക്കോടതി

Advertisement

കൊച്ചി : തൃശൂർ കേരള വർമ കോളജിലെ യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ കെ.എസ്. അനിരുദ്ധിനെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കി. മാനദണ്ഡങ്ങൾ അനുസരിച്ച് വീണ്ടും വോട്ടെണ്ണാൻ ജസ്റ്റിസ് ടി.ആർ.രവി നിർദേശം നൽകി. ആദ്യം ഒരു വോട്ടിനു ജയിച്ചതിനുശേഷം റീകൗണ്ടിങ്ങിൽ യൂണിയൻ ചെയർമാൻ സ്ഥാനം നഷ്ടമായ കെഎസ്‌യു സ്ഥാനാർഥി എസ്.ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണു ഇന്ന് ഹൈക്കോടതി ഉത്തരവ് ഉണ്ടായത്.

കേരള വർമ കോളജിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന്റെ ചെയർമാൻ സ്ഥാനാർഥിയായ മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി എസ്.ശ്രീക്കുട്ടൻ ഒരു വോട്ടിനു ജയിച്ചെങ്കിലും വീണ്ടും വോട്ടെണ്ണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ രംഗത്തെത്തി. ശ്രീക്കുട്ടൻ 896 വോട്ടും എസ്എഫ്ഐയിലെ അനിരുദ്ധൻ 895 വോട്ടും നേടിയെന്നായിരുന്നു ആദ്യ അറിയിപ്പ്. എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിങ് തുടങ്ങിയെങ്കിലും രണ്ടു തവണ കോളജിൽ വൈദ്യുതി തടസ്സപ്പെട്ടു.  ഒടുവിൽ റീ കൗണ്ടിങ്ങിലൂടെ എസ്എഫ്ഐ സ്ഥാനാർഥി 11 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചതായി രാത്രി വൈകി പ്രഖ്യാപിച്ചു. ഇതിനെതിരെ എസ്.ശ്രീക്കുട്ടൻ നൽകിയ തിരഞ്ഞെടുപ്പ് ഹർജിയിലാണ് കോടതി ഉത്തരവ് ഉണ്ടായിട്ടുള്ളത്.

Advertisement