ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേലിനെ തിരികെ ലഭിച്ചുവെങ്കിലും പ്രതികള്‍ക്കായി പോലീസ് പരിശോധന കൂടുതല്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. അബിഗേലിനെ കൊല്ലം നഗരത്തില്‍ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഇവരെക്കുറിച്ച് സൂചനകളില്ല.
കുട്ടിയെ തട്ടിക്കൊണ്ടുപോയത് കൃത്യമായ ആസൂത്രണത്തോടെയെന്നാണ് വിവരം. കുറ്റകൃത്യത്തിന് ഉപയോഗിച്ച കാറിന്റെ നമ്പര്‍ ലഭിക്കാത്തതും പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും പോലീസിന് തിരിച്ചടിയാകുന്നുണ്ട്. എങ്കിലും ചില തെളിവുകള്‍ ലഭിച്ചിട്ടുണന്ന് ഐ.ജി. സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു. ഡിജിപിയും എഡിജിപിയും ഉള്‍പ്പടുന്ന ഉന്നത ഉദ്യോഗസ്ഥരും അന്വേഷണ മേല്‍നോട്ടം ഏറ്റെടുത്തു.
ഇപ്പോള്‍ കൊല്ലം ഈസ്റ്റ് പൊലീസിന്റെ സംരക്ഷണയിലാണ് കുട്ടി. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. വൈദ്യപരിശോധനയ്ക്കുശേഷം കുഞ്ഞിനെ വീട്ടിലെത്തിക്കും. 20 മണിക്കൂറിനു ശേഷമാണ് ആറുവയസുകാരി അബിഗേലിനെ കണ്ടെത്തിയത്.