ഒരു വലിയ വീട്ടിലായിരുന്നു ഇന്നലെ രാത്രി, ഒരു സ്ത്രീയും മൂന്ന് പുരുഷൻമാരും അവിടെയുണ്ടായിരുന്നുവെന്ന് അബിഗേൽ

Advertisement

കൊല്ലം: ഏതോ ഒരു വലിയ വീട്ടിലേക്കാണ് തന്നെ കൊണ്ടുപോയതെന്ന് കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട ആറ് വയസ്സുകാരി അബിഗേല്‍ സാറ പറഞ്ഞു. തന്നെ കൊണ്ടുപോയവരില്‍ ആരെയെങ്കിലും നേരത്തെ അറിയാമായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നാണ് കുട്ടിയുടെ മറുപടി. പോയിട്ട് വരാമെന്നാണ് അവര്‍ പറഞ്ഞതെന്നും അബിഗേല്‍ പൊലീസിനോട് പറഞ്ഞു. അതിനിടെ അബിഗേല്‍ അച്ഛന്‍റെ കൈകളിലെത്തി.

തന്നെ ആരാണ് തട്ടിക്കൊണ്ടുപോയതെന്നോ എന്തിനാണ് കൊണ്ടുപോയതെന്നോ തിരിച്ചറിയാനുള്ള പ്രായം ആ കുഞ്ഞിനില്ല. ഇന്നലെ വൈകുന്നേരം നാലരക്കാണ് സഹോദരനൊപ്പം ട്യൂഷന് പോകും വഴി അബിഗേൽ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. കുട്ടിയെ മോചിപ്പിക്കണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്ന് ഒരു സ്ത്രീ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു. ഒരു കടയില്‍ ചെന്ന് കടയുടമയുടെ ഫോണ്‍ വാങ്ങിയാണ് വിളിച്ചത്. ഇന്നലെ രാത്രി മുഴുവന്‍ ഉറങ്ങാതെ പൊലീസും നാട്ടുകാരും തെരച്ചില്‍ നടത്തിയിരുന്നു. അന്വേഷണം ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് ഓട്ടോയിലെത്തിയ സ്ത്രീ കുട്ടിയെ ആശ്രാമം മൈതാനത്ത് എത്തിച്ച ശേഷം കടന്നുകളഞ്ഞത്. ഒരുപക്ഷെ ഇനി രക്ഷപ്പെടാനാവില്ലെന്ന് തിരിച്ചറിഞ്ഞാവണം കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞത്.

സ്ത്രീ എത്തിയ ഓട്ടോയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. സ്ത്രീയെ അറിയില്ലെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴി. കുട്ടിയെ മാസ്ക് ധരിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. കൊല്ലം എസ്‍ എന്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് കുഞ്ഞിനെ ആദ്യം കണ്ടത്.

Advertisement